കൊല്ലപ്പെട്ട അലുവ അതുൽ സഞ്ചരിച്ച കാർ ദേശീയപാതയിൽ മറിഞ്ഞനിലയിൽ
ക്വട്ടേഷനിൽ തുടങ്ങി അതുലും ക്വട്ടേഷനിലൊതുങ്ങി
കരുനാഗപ്പള്ളി: ഓച്ചിറ വയനകം കേന്ദീകരിച്ച് പ്രവർത്തിച്ചിരുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുൽ. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസുകളിലും പ്രതിയായിരുന്നു. നിരവധി തവണ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയിട്ടുണ്ട്. ജില്ലക്ക് പുറത്താക്കുമ്പോൾ ആലപ്പുഴ ജില്ലയിലെ സമീപപ്രദേശങ്ങൾ കേന്ദീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾ തുടർന്നിരുന്നതായി പൊലീസ് പറയുന്നു.
കരുനാഗപ്പള്ളി, ഓച്ചിറ വയനകം ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 27ന് അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.അർധരാത്രിയിൽ വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ഠിച്ചാണ് അതുലിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം മാതാവിന്റെ മുന്നിൽവെച്ച് സന്തോഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായിരുന്നു കൊലപാതകത്തിന് കാരണം. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോനാണ് ജിം സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷം ഏപ്രിൽ 16ന് തമിഴ്നാട്ടിലെ തിരുവള്ളൂരിൽനിന്ന് ഇയാളെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു.
എന്നാൽ ജയിലിനുള്ളിലും അതുൽ അക്രമം തുടർന്നു. കൊല്ലം ജില്ല ജയിലിൽ വാർഡൻ അഭിലാഷിനെ മർദിക്കുകയും സൂപ്രണ്ടിന്റെ ഓഫിസിലെ കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
കൂടാതെ കരുനാഗപ്പള്ളി കോടതി പരിസരത്ത് അതുലും സംഘവും റീൽസ് ചിത്രീകരിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ദേശീയപാതയിൽ പുതിയകാവ് ജങ്ഷന് തെക്കുവശമുള്ള പെട്രോൾ പമ്പിന് സമീപം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.