അനിക്കുട്ടൻ
പുനലൂർ: മുക്കടവ് ആളുകേറാമലയിൽ റബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ റീ പോസ്റ്റ്മോർട്ടം നടത്തുന്നതിന് പൊലീസ് ആരോഗ്യവകുപ്പിന് കത്ത് നൽകി.
ആലപ്പുഴ ജില്ലയിലെ നൂറനാട് താമരക്കുളം ചേറ്റാരിക്കൽ ക്ഷേത്രത്തിന് സമീപം വേടരപ്ലാവിൽ വീട്ടിൽ പാപ്പറെന്ന അനിക്കുട്ട (46) ന്റെ മൃതദേഹമാണെന്ന് കഴിഞ്ഞ ദിവസം ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ആദ്യം പ്രതിയെന്ന് സംശയിച്ച് ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അനിക്കുട്ടനാണ് കൊലചെയ്യപ്പെട്ടതെന്ന് തെളിഞ്ഞത്. ഇതോടെ അന്വേഷണം സംബന്ധിച്ച ഉയർന്ന ആരോപണം ഇല്ലാതാക്കാനും തുടരന്വേഷണത്തിന് കൂടുതൽ സഹായവും നിയമപരമായ അധികാരികത ഉറപ്പാക്കാനുമാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് അധികൃതർക്ക് റീ പോസ്റ്റ്മോർട്ടം സംബന്ധിച്ച് കത്ത് നൽകിയത്. ഫോറൻസിക് സർജൻ അടക്കം വിവിധ ഡിപ്പാർട്ട്മെൻറ് വിദഗ്ധരും മേധാവികളും അടങ്ങുന്ന വിദഗ്ധ പാനലാകും പോസ്റ്റ്മോർട്ടം നടത്തുക.
മരിച്ച ആളിനെ മാസങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞെങ്കിലും സംഭവത്തിനാസ്പദമായ കാരണങ്ങളോ കൊല ചെയ്തവരെയോ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ബന്ധുക്കളുമായി അധികം സഹകരണമില്ലാതിരുന്ന ആളാണ് അനിക്കുട്ടൻ. അതിനാൽ സുഹൃത്തുക്കളെയും കൺസ്ട്രക്ഷൻ കമ്പനികളിൽ ടൈൽസ് ജോലി നോക്കിയിരുന്നപ്പോളുള്ള ബന്ധങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്.
രാസലായനിയോ പെട്രോളോ ഒഴിച്ച് മൃതദേഹം വികൃതപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കിൽ കൊല്ലപ്പെട്ട അനിക്കുട്ടൻ ഇന്ധനം വാങ്ങുന്നതിന് പമ്പിലെത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സി.സി ടി.വി ദൃശ്യങ്ങളാണ് ആളെ കണ്ടെത്തുന്നതിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.