ബാബു ബാഹുലേയൻ
ആറ്റിങ്ങൽ: സംസ്ഥാനത്തുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘കല്യാണരാമൻ’ എന്ന് വിളിക്കുന്ന തിരുവനന്തപുരം വീരാണിക്കാവ് ചായിക്കുളം ഇലങ്കംവിള വീട്ടിൽ ബാബു ബാഹുലേയനെ ആറ്റിങ്ങൽ പൊലിസ് പിടികൂടി.
വയോധികയുടെ ഏഴ് പവന്റെ മാല മോഷ്ടിച്ച കേസിൽ അന്വേഷണത്തിനിടയിലാണ് പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളുണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നതായി പറഞ്ഞ് വീട് വാടകക്ക് എടുത്ത് താമസിക്കും. സമീപ മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തും.
ഇതോടൊപ്പം തന്നെ സ്ത്രീകളെ കണ്ടെത്തി വിവാഹം കഴിക്കും. വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും ആണ് വശീകരിച്ച് കല്യാണം കഴിക്കുന്നത്. അവർക്കൊപ്പം താമസിക്കുമ്പോൾ തന്നെ മേഖലയിലെ ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.
നിലവിൽ നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുകയാണ്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പിടികൂടിയത്. വയോധികയുടെ മാല മോഷ്ടിച്ച കേസിൽ ഇയാളുടെ ബന്ധുക്കളായ നാല് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഫോർട്ട് സ്റ്റേഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.