പോളയത്തോട് സ്ഥിതിചെയ്യുന്ന മെക്കനൈസ്ഡ് എയറോബിക് കമ്പോസ്റ്റിങ് യൂനിറ്റ്
കൊല്ലം: പൈലറ്റ് പദ്ധതിയായി പോളയത്തോടാരംഭിച്ച ജൈവമാലിന്യ സംസ്കരണ പ്ലാന്‍റായ മെക്കനൈസ്ഡ് എയ്കറോബിക് കംപോസ്റ്റിങ് യൂനിറ്റ് കൂടുതൽ ഡിവിഷനുകളിലേക്ക് വ്യാപിപ്പിക്കാൻ കോർപറേഷൻ. നഗരത്തിലെ ജൈവമാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ പോളയത്തോട് പ്ലാന്‍റ് വിജയകരമായ സംഭാവന നൽകിത്തുടങ്ങിയതോടെയാണ് പദ്ധതി കൂടുതൽ ഡിവിഷനുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
മാലിന്യ സംസ്കരണ പ്ലാന്‍റുകൾ വികേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി അഞ്ച് ഡിവിഷനുകൾക്ക് വരെ ഉപയോഗപ്പെടുന്ന രീതിയിലായിരിക്കും വിവിധയിടങ്ങളിൽ പ്ലാന്‍റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതെന്ന് മേയർ എ.കെ. ഹഫീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പോളയത്തോട് പ്ലാന്‍റിൽ ദിനംപ്രതി 600 കിലോഗ്രാം വരെ ജൈവമാലിന്യമാണ് സംസ്കരിക്കുന്നത്. കിലോക്ക് അഞ്ച് രൂപ നിരക്കിലാണ് ഇവിടെ മാലിന്യം സ്വീകരിക്കുന്നത്. മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാനുള്ള വഴി കണ്ടതോടെ ജനം ഏറ്റെടുത്ത് ഇവിടെ മാലിന്യം കൊണ്ട് എത്തിക്കുകയാണ്.
കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കുന്നതിന് ഇനിയും രണ്ട് വർഷമെങ്കിലുമെടുക്കും. സ്വീവേജ് മാലിന്യം പ്ലാന്‍റിലെത്തിക്കുന്നതിന് പൈപ്പ് നെറ്റ്വർക്ക് സ്ഥാപിക്കുക എന്നതാണ് വെല്ലുവിളി. കൂടാതെ, രണ്ട് പമ്പിങ് സ്റ്റേഷനുകളും സ്ഥാപിക്കണം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ പദ്ധതിക്ക് മാലിന്യം എത്തിക്കാൻ നഗരത്തിൽ മണ്ണിനടിയിൽ കുഴിച്ചിട്ട കാസ്റ്റ് അയൺ പൈപ്പുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. സമാനമായി, കോടികൾ ചെലവഴിച്ച് നിർമിച്ച രണ്ട് പമ്പിങ് സ്റ്റേഷനുകളും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഉപേക്ഷിക്കേണ്ട നിലയിലാണ്. കുരീപ്പുഴയിൽ പ്ലാന്‍റ് നിർമാണം പൂർത്തിയായി വെള്ളം ഉപയോഗിച്ച് ട്രയൽ റണ്ണും നടത്തി. ഈ ട്രയൽ റൺ ഇടക്കിടക്ക് ആവർത്തിച്ചാൽ മാത്രമേ പ്ലാന്‍റ് നശിക്കാതെ, പ്രവർത്തനം ആരംഭിക്കാൻ കഴിയു. ഞാങ്കടവ് കുടിവെള്ള പദ്ധതി തടയണ നിർമിക്കാതെ താൽക്കാലികമായി പമ്പിങ് ആരംഭിച്ചാലും വരൾച്ച സമയത്ത് ഉപ്പുവെള്ളം കയറുന്ന വെല്ലുവിളിയുണ്ടാകും.
2018ൽ തടയണ നിർമിച്ചിരുന്നെങ്കിൽ 20 കോടിയിൽ ചെലവ് കഴിയുമായിരുന്നു. ഇപ്പോൾ 60 കോടിയുടെ എസ്റ്റിമേറ്റ് എടുത്തിരിക്കുന്നത് ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എല്ലാ ഡിവിഷനുകളിലും കുഴൽക്കിണർ ഉടൻ നിർമിക്കും. ചിന്നക്കട മേൽപ്പാലം പൊളിച്ച് ഫ്ലൈഓവർ പണിയുന്ന സ്വപ്നപദ്ധതിയുടെ ഡി.പി.ആർ രണ്ട് ആഴ്ചകൾക്കകം തയാറാകും. ചിന്നക്കടയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ് സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
കൊല്ലം ബീച്ചിൽ മെഡിക്കൽ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നടക്കും. ബീച്ചിൽ താൻ സന്ദർശനം നടത്തവെ കുഴഞ്ഞുവീണ കുട്ടിക്ക് അടിയന്തര വൈദ്യ സഹായം ലഭിക്കാതിരുന്ന അനുഭവമാണ് ഇത്തരമൊരു ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതിന്‍റെ ആലോചനയിലേക്ക് എത്തിച്ചതെന്ന് മേയർ പറഞ്ഞു. ഏറ്റവും തിരക്കുള്ള ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെ മെഡിക്കൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ഇതിനായി, താൽകാലിക സൗകര്യം കോർപറേഷൻ ബീച്ചിൽ ഒരുക്കും.
ഇത്തവണത്തെ വേനലവധിക്കാലത്ത് കുട്ടികൾക്ക് സമയം ചെലവിടാൻ കഴിയുന്ന തരത്തിൽ കൊല്ലം ബീച്ചിലെ എം.ജി പാർക്ക് തുറക്കുമെന്ന് മേയർ അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ ആയിരിക്കും തുറക്കുക. പാർക്കിലാവശ്യമായ നവീകരണം നടത്തുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചു. കോർപറേഷൻ നേരിട്ട് പ്രവർത്തിപ്പിക്കുന്ന നിലയിൽ തുറന്ന് സൗജന്യമായി ആളുകൾക്ക് പ്രവേശനം നൽകും. പാർക്കിന്‍റെ ഒരു ഭാഗം വയോധികർക്ക് വേണ്ടി മാത്രം മാറ്റിവെച്ച് ‘നാലുമണിക്കാറ്റ്’ പദ്ധതിക്കായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.