എൽ.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം സ്ഥാനാർഥി എസ്. ജയമോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നഗരത്തിൽ നടത്തിയ റോഡ് ഷോ
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിലും പോരാട്ടക്കളം റെഡിയായി. സ്ഥാനാർഥി പ്രഖ്യാപനവും റോഡ് ഷോകളുമായി എൽ.ഡി.എഫ് ഒരുമുഴം മുമ്പെ എറിഞ്ഞ് കളംനിറഞ്ഞപ്പോൾ, ഔദ്യോഗിക പ്രഖ്യാപനമെത്തിയില്ലെങ്കിലും യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സീറ്റുറപ്പിച്ച സ്ഥാനാർഥികളും സജീവമായതോടെ ചൂടുപിടിക്കുകയാണ് കൊല്ലത്തിന്റെ രാഷ്ട്രീയമണ്ഡലം. എൽ.ഡി.എഫ് ഒമ്പത് സീറ്റുകൾ നിലനിർത്താനും രണ്ടെണ്ണം തിരിച്ചുപിടിക്കാനും പോരുമുറുക്കുമ്പോൾ യു.ഡി.എഫിന് നിലനിർത്താനുള്ളത് രണ്ടും പിടിച്ചെടുക്കാനുള്ളത് ഒമ്പതുമാണ്. എൻ.ഡി.എ ആകട്ടെ കഴിഞ്ഞ രണ്ട് തവണയായി രണ്ടാംസ്ഥാനം നേടുന്ന മണ്ഡലത്തിൽ ഒന്നാമതെത്താനും മറ്റ് മണ്ഡലങ്ങളിൽ മികച്ച മുന്നേറ്റം നടത്താനുമാണ് ലക്ഷ്യമിടുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ നേരത്തെ ഗോളടിച്ച എൽ.ഡി.എഫിനായി 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പ്രചരണരംഗത്തിറങ്ങി മത്സരച്ചൂടിന് തീപകർന്നുകഴിഞ്ഞു. കൊല്ലത്ത് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കാഷ്യു കോർപറേഷൻ മുൻ ചെയർമാൻ എന്നീ പദവികളിലെ പരിചയസമ്പത്തുമായി സി.പി.എം ആക്ടിങ് ജില്ല സെക്രട്ടറി കൂടിയായ എസ്. ജയമോഹൻ, ഇരവിപുരത്ത് തുടർച്ചയായ മൂന്നാംഅങ്കത്തിന് എം. നൗഷാദ് എം.എൽ.എ, കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, കുണ്ടറയിൽ മുൻ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും മുൻ കയർഫെഡ് ചെയർമാനും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ എസ്.എൽ. സജികുമാറുമാണ് സി.പി.എം സ്ഥാനാർഥികൾ. സി.പി.ഐ ജില്ല നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതുപോലെ ചടയമംഗലത്ത് സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ മന്ത്രി ജെ. ചിഞ്ചുറാണിയും പുനലൂരിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി. അജയപ്രസാദും ചാത്തന്നൂരിൽ സംസ്ഥാന എക്സിക്യൂട്ടിവംഗം ആർ. രാജേന്ദ്രനും കരുനാഗപ്പള്ളിയിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗം എം.എസ്. താരയുമാണ് മത്സരരംഗത്ത്. ചവറയിൽ സി.പി.എം സ്വതന്ത്രനായി ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ തുടർച്ചയായി രണ്ടാംതവണ മത്സരിക്കും. കേരള കോൺഗ്രസ് ബി സ്ഥാനാർഥിയായി മന്ത്രി കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്ത് വീണ്ടും ജനവിധി നേടും. പ്രഖ്യാപനം നടത്താതെ ‘അനിശ്ചിതത്വം’ തുടർന്ന കുന്നത്തൂരിൽ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിന്റെ തുടർച്ചയായി എൽ.ഡി.എഫിന് വേണ്ടി ആർ.എസ്.പി ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോൻ തന്നെ വീണ്ടും ജനവിധി തേടുമെന്നും ഉറപ്പായി.
മുന്നണി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർഥികൾ അനൗദ്യോഗികമായി ആഴ്ചകൾക്ക് മുമ്പ് തന്നെ വോട്ടുപിടിക്കാൻ തുടങ്ങിയ മണ്ഡലങ്ങൾ ജില്ലയിൽ നിരവധിയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ നിർബന്ധിതരായ ആർ.എസ്.പിയാണ് ഘടകകക്ഷികളിൽ മത്സരരംഗത്തുള്ളവരെ നേരത്തെ പരിചയപ്പെടുത്തിയത്. ചവറയിൽ മുൻ മന്ത്രി ഷിബു ബേബിജോണും ഇരവിപുരത്ത് ആർ.വൈ.എഫ് നേതാവ് വിഷ്ണുമോഹനും കുന്നത്തൂരിൽ കഴിഞ്ഞതവണത്തെ സ്ഥാനാർഥി ഉല്ലാസ് കോവൂരുമാണ് മത്സരിക്കുന്നത്. കോൺഗ്രസിനായി എൽ.ഡി.എഫിന്റെ അഭിമാന സീറ്റുകൾ കഴിഞ്ഞ തവണ പിടിച്ചെടുത്ത പി.സി. വിഷ്ണുനാഥ് എം.എൽ.എ കുണ്ടറയിലും സി.ആർ. മഹേഷ് എൽ.എൽ.എ കരുനാഗപ്പള്ളിയിലും വീണ്ടും മത്സരിക്കും. 2021 ആവർത്തിച്ച് കൊല്ലത്ത് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല എന്നിവർ മത്സരിക്കുമെന്ന ഉറപ്പിൽ വോട്ടുതേടിത്തുടങ്ങിയിട്ട് ആഴ്ചകളായി. കൊട്ടാരക്കരയിൽ സി.പി.എമ്മിന് അടി നൽകാൻ അവരുടെ മുൻ എം.എൽ.എ അയിഷ പോറ്റിക്ക് തന്നെയാകും കോൺഗ്രസ് സീറ്റ് നൽകുന്നത്. പുനലൂരും ചടയമംഗലവുമാണ് നിലവിൽ അനിശ്ചിതത്വം തുടരുന്നത്. കഴിഞ്ഞതവണ മത്സരിച്ച പുനലൂർ ഇത്തവണ സ്വീകരിക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് വിമുഖത ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ് അനിശ്ചിതത്വത്തിന് കാരണം. ചടയമംഗലവും പുനലൂരും വെച്ചുമാറാനുള്ള ചർച്ചകളാണ് നടക്കുന്നത്. ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി കരുത്തുകാട്ടാറുള്ള ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിനാകും നൽകുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനായിരിക്കും സ്ഥാനാർഥി.
രണ്ടുതവണ രണ്ടാംസ്ഥാനത്ത് വന്ന ചാത്തന്നൂരിൽ വിജയം പിടിക്കാനുള്ള ലക്ഷ്യവുമായി എൻ.ഡി.എ ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിയ ബി.ബി. ഗോപകുമാർ തന്നെയാണ് ഇവിടെ ബി.ജെ.പിക്കായി രംഗത്തിറങ്ങുന്നത്. മറ്റ് മണ്ഡലങ്ങളിൽ മുന്നേറ്റം ലക്ഷ്യമിടുന്നതിനൊപ്പം മറ്റ് രണ്ട് മുന്നണികളുടെയും വിജയസാധ്യത നിർണയിക്കുന്ന സാന്നിധ്യമാകാമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കുണ്ടറയിൽ സീറ്റ് കിട്ടിയ ബി.ഡി.ജെ.എസ് ഇത്തവണയും മത്സരിക്കുമെന്നാണ് വിവരം. മുൻ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വലിയതോതിൽ വോട്ട് കിട്ടിയ കുണ്ടറയിൽ കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് വൻ ഇടർച്ചയാണ് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.