മുഴുവൻ മാർക്കുകാരിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നത്​ സിവിൽ സർവിസ്​ *കാർമൽ സ്കൂളിൽ നാലുപേർക്ക്​ 1200

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും നേടിയ മിടുക്കരിൽ ഭൂരിഭാഗത്തി​ന്‍റെയും ലക്ഷ്യം സിവിൽ സർവിസ്​. ബിരുദത്തിന്​ പിന്നാലേ സിവിൽ സർവിസിന്​ തയാറെടുക്കാനാണ്​ മിക്കവരും ഉദ്ദേശിക്കുന്നത്​. തിരുവനന്തപുരം കാർമൽ ഹയർസെക്കന്‍ഡറി സ്കൂളിലെ മൂന്നു മിടുക്കികൾ​​ ഇക്കുറി 1200ൽ 1200 മാർക്കും നേടി. ഹൃദയ ഹനീഷ്​, പ്രിൻസി കെ. സെബാസ്റ്റ്യൻ, സൗപർണിക എസ്​ എന്നിവർ. ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും നേടിയ പ്രിൻസി കെ. സെബാസ്റ്റ്യൻ വലിയവിള കാരക്കാട്ടിൽ വീട്ടിൽ എം. സെബാസ്റ്റ്യന്‍റെയും (മണ്ണന്തല ഗവ. പ്രസിലെ ഉദ്യോഗസ്ഥൻ) കവിതയുടെയും മകളാണ്​. പേയാട്​​ സ്കൂളിൽ 10ാം ക്ലാസ്​ വരെ പഠിച്ച പ്രിൻസി ഹയർസെക്കൻഡറിയിൽ ഹ്യൂമാനിറ്റീസ്​ പഠിക്കാനായാണ്​ കാർമലിലേക്ക്​ വന്നത്​. ഡിഗ്രിക്ക്​ പൊളിറ്റിക്സ്​ മെയിൻ എടുത്ത്​ പഠിച്ച്​ സിവിൽ സർവിസാണ്​ ഈ മിടുക്കിയുടെ ലക്ഷ്യം. കാർമൽ സ്കൂളിലെതന്നെ ഹൃദയ ഹനീഷ്​ സയൻസിലാണ്​ മുഴുവൻ മാർക്കും നേടിയത്​. ഹോമിയോപതി ഡയറക്​ടറേറ്റിലെ ഉദ്യോഗസ്ഥനായ ഹനീഷിന്‍റെയും സെക്രട്ടേറിയറ്റിലെ ഫിനാൻസ്​ അണ്ടർ സെക്രട്ടറി ഇന്ദുവിന്‍റെയും മകളാണ്​. ഇംഗ്ലീഷ്​ മെയിൻ എടുത്ത്​ ബിരുദ പഠനത്തിന്​ ചേരാണ്​ ഹൃദയ ഉദ്ദേശിക്കുന്നത്​. സിവിൽ സർവിസാണ്​ ലക്ഷ്യം. പുളിയറക്കോണം അലൈറ്റി ശിശിരത്തിൽ ആർ. ഷിബുകുമാറിന്‍റെയും ശ്യാരി കെ. നായരുടെയും മകളാണ്​ കാർമലിൽ നിന്നും കൊമേഴ്​സിൽ മുഴുവൻ മാർക്കും നേടിയ സൗപർണിക എസ്​. 10ാം ക്ലാസ്​ വരെ സെന്‍റ്​ ശാന്തൽ സ്കൂളിലായിരുന്നു. ടെറുമോ പെൻപോൾ ഉദ്യോഗസ്ഥനാണ്​ പിതാവ്​. പട്ടം ഗേൾസ്​ സ്കൂളിലെ ഹാർദ എം.എൽ മുഴുവൻ മാർക്കും നേടി സ്കൂളിന്‍റെ അഭിമാനമായി. പാലോട്​ പേരയം പാലുവള്ളി സാന്ത്വനത്തിൽ കെ.എസ്​.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട്​ ടി. മുരളീധരന്‍റെയും ഇടവട്ടം ബി.ആർ.എം ഹൈസ്കൂൾ അധ്യാപിക ലീന എ.പിയുടെയും മകളാണ്​ ഹാർദ. പേരയം സ്കൂളിലാണ്​ 10ാം ക്ലാസ്​ വരെ പഠിച്ചത്​. സിവിൽ സർവിസാണ്​ ഹാർദയുടെ ലക്ഷ്യം. പൊളിറ്റിക്സ്​ മെയിൻ എടുത്ത്​ ഡിഗ്രിക്ക്​ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.