നെട്ടയം മലമുകളിലുണ്ടായ രാഷ്ട്രീയസംഘര്‍ഷം നിയന്ത്രിക്കുന്ന വട്ടിയൂര്‍ക്കാവ് പൊലീസ്
വട്ടിയൂർക്കാവ്: നെട്ടയത്ത് കഴിഞ്ഞദിവസമുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. കല്ലേറില്‍ പരിക്കേറ്റ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദീപു തിരുവനന്തപുരം എസ്.പി മെഡി ഫോര്‍ട്ടില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ തലക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചമുതലാണ് നെട്ടയത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മലമുകള്‍ ഭാഗത്തുള്ള ബി.ജെ.പി പ്രവര്‍ത്തകന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിതെത്തുടര്ന്നുണ്ടായ തർക്കമാണ് രാഷ്ട്രീയസംഘര്‍ഷമായി മാറിയത്. സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറും തുടര്‍ന്ന് പൊലീസ് ലാത്തിച്ചാർജും ഉണ്ടായി. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ദീപു ഒഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
ബി.ജെ.പി പ്രവര്‍ത്തകന്റെ ഭാര്യയെ അസഭ്യം പറഞ്ഞതുസംബന്ധിച്ച് വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ ഭര്‍ത്താവിനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷം രാഷ്ട്രീയമായത്. ഉച്ചയോടെ ചെറിയതോതില്‍ തുടങ്ങിയ അടിപിടി രാത്രി മൂര്‍ച്ഛിക്കുകയായിരുന്നു. രാത്രി ഏഴോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതറിഞ്ഞ് എത്തിയ സി.പി.എം പ്രവര്‍ത്തകരുമായി ഇവര്‍ കൊമ്പുകോർത്തു. ഇരുവിഭാഗത്തില്‍നിന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ആരൊക്കെയാണ് ചികിത്സയിലുള്ളതെന്ന് അറിയില്ലെന്നും വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു. സി.ഐയുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിന് നേതൃത്വം നല്കിയവർ ഒളിവില്‍ പോയതായാണ് വിവരം. ആശുപത്രിയില്‍ ചികിത്സയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ഊർജിതമായി നടക്കുന്നെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.