തിരുവനന്തപുരം: ‘മാറാത്തത് മാറും’ എന്ന പ്രചാരണ വാചകവുമായി കോർപറേഷൻ ഭരണംപിടിച്ചവർ ‘നാറാത്തത് നാറും ബി.ജെ.പി വന്നാൽ’ എന്ന നിലയിലേക്ക് നഗരത്തെ മാറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ നാൽപത് വർഷത്തിനിടയിൽ തലസ്ഥാന നഗരി ഇത്തരമൊരു മാലിന്യപ്രതിസന്ധിക്ക് സാക്ഷ്യംവഹിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാലിന്യനിർമാർജനം പാളിയതോടെ നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായി. കൃത്യമായ പ്ലാനിങ് ഇല്ലാത്തതിനാൽ വേനൽകാല രോഗങ്ങൾ പടർന്നുപിടിക്കുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പ്ലാനിങ്ങോടെ നടപ്പാക്കേണ്ടതാണ്. നഗരത്തിലെ തെരുവുവിളക്കുകൾ വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല.
എന്തിനും ഏതിനും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി എത്രകാലം കോർപറേഷൻ ഭരണസമിതിക്ക് മുന്നോട്ടുപോകാനാകും. നഗരസഭ ഭരണസമിതി മറ്റ് രാഷ്ട്രീയ പാർട്ടികളെക്കൂടി വിശ്വാസത്തിലെടുക്കാൻ തയാറാകണം. അടിയന്തിരമായി സർവകക്ഷി യോഗവും കൗൺസിൽ യോഗവും വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണണം. 40 ദിവസത്തിനകം വികസന ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അവകാശവാദം കേട്ടിരുന്നു. അതൊക്കെ വെള്ളത്തിലെ വര പോലെയായി. ഭരണസമിതി ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകും. കോർപറേഷൻ ആക്ട് പ്രകാരം ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. അത് ചെയ്യാതിരുന്നാൽ സർക്കാർ ഇടപെടേണ്ടിവരും. കുറ്റം പറയാൻ മാത്രമായി ഭരണസമിതി ആവശ്യമില്ല. സർക്കാറിനെതിരെ പ്രസ്താവനയിറക്കിയതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.