തിരുവനന്തപുരം: നെട്ടയം മലമുകളിൽ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷം. മർദനത്തിൽ സി.പി.എം പ്രവർത്തകനും കല്ലേറിൽ പൊലീസുകാരനും പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളും അയൽക്കാരുമായ വീട്ടുകാർ തമ്മിലുണ്ടായ വഴക്കാണ് രാത്രി ഇരു വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകൻ സുനിലിനെ പേരൂർക്കട ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലേറിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദീപുവിന് പരിക്കേറ്റു. ഇയാളെ പേരൂർക്കട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവർത്തകക്കുനേരെ യുവാവ് നഗ്നതാപ്രദർശനം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയയാളെ സി.പി.എം പ്രവർത്തകർ തടഞ്ഞെന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ രാത്രി 10ഓടെ ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്ന് ആരോപിച്ച് കൂടുതൽ ബി.ജെ.പി പ്രവർത്തകർ എത്തിയതോടെ രാത്രി വൈകിയും സംഘർഷം തുടരുകയാണ്.
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങവേ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ സുനിലിനെ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ മർദിച്ചതായി സി.പി.എം പ്രവർത്തകർ പറയുന്നു. മണികണ്ഠേശ്വരം സ്വദേശികളായ അനിൽകുമാർ, സുധി, അനന്ദു, ഗോവിന്ദ്, അഖിൽ, അജി എന്നിവർ ചേർന്നാണത്രെ മർദിച്ചത്. വൈകീട്ട് 7.30ഓടെ വീണ്ടും വിവിധ പ്രദേശങ്ങളിൽനിന്ന് ഇരു വിഭാഗത്തിലെയും പ്രവർത്തകർ മണലയത്ത് സംഘടിച്ചു. സംഘർഷത്തിൽ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.