കഴക്കൂട്ടം: ആളില്ലാത്ത വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വൻ സംഘം പിടിയിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശികളായ വിമൽകുമാർ (44), ബിജുകുമാർ (44), വട്ടപ്പാറ സ്വദേശി വിനീത് (36) എന്നിവരാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് ചെങ്കോട്ടുകോണം ആനന്ദേശ്വരത്ത് സാരഥി ട്യൂട്ടോറിയൽ സെന്ററിനു സമീപം ഭാവന വീട്ടിൽ ബാഹുലേയന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ സ്വർണാഭരണങ്ങൾ, ലോക്കറിലിരുന്ന ആധാരങ്ങൾ, ബാങ്ക് ഡെപ്പോസിറ്റ് രേഖകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ലോക്കർ ഉൾപ്പെടെയാണ് മോഷ്ടാക്കൾ കവർന്നത്.
ബാഹുലേയനും കുടുംബവും കഴിഞ്ഞ മാസം 23 മുതൽ ന്യൂസിലാൻഡിൽ മകനൊപ്പമാണ്. വീട് തുറന്നുകിടക്കുന്നത് കണ്ട അയൽവാസിയാണ് വിവരം കഴക്കൂട്ടം പൊലീസിനെ അറിയിച്ചത്. ലോക്കർ ഉൾപ്പെടെ കുടപ്പനക്കുന്നിലെ ആളൊഴിഞ്ഞ പുരയിടത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് നേതൃത്വം കൊടുത്തയാളെന്ന് കരുതുന്ന ബാറ്ററി നവാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലും അടിപിടി കേസിലും പ്രതിയാണ് അറസ്റ്റിലായവർ. സിറ്റി ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെയാണ് കഴക്കൂട്ടം പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നവാസിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.