വേനൽ കത്തുന്നു; അതിര്‍ത്തിപ്രദേശങ്ങളില്‍ കൃഷിയുപേക്ഷിച്ച് കര്‍ഷകര്‍

വെള്ളറട: വേനൽ തീവ്രമായതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ഗ്രാമീണ മേഖലകളിൽ കുടിവെള്ളംപോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. മണ്ണിൽ ജലാംശം വറ്റിയതോടെ പയറുവർഗങ്ങൾ, ചോളം തുടങ്ങിയ വേനൽകാല കൃഷിക ഉപേക്ഷിച്ച നിലയിലാണ്. മുൻവര്‍ഷങ്ങളേക്കാള്‍ ചൂട് ക്രമാതീതമായതിനാൽ തണ്ണീര്‍ത്തടങ്ങള്‍ പോലും കര്‍ഷകര്‍ക്ക് അന്യമാകുന്നു. മേഖലയിലെ തണ്ണീർതടങ്ങൾ വ്യാപകമായി നികത്തുന്നത് മണ്ണിലെ ജലാംശം നഷ്ടപ്പെടാനും കൃഷിയോഗ്യമല്ലാതാകാനും കാരണമാകുന്നെന്ന് അഭിപ്രായമുണ്ട്.

ഏത് കാലാവസ്ഥയിലും കൃഷി ചെയ്തിരുന്ന ചീര, കപ്പ, വാഴ, പയര്‍വർഗങ്ങള്‍, മധുരക്കിഴങ്ങ്, നാരകം, സൂര്യകാന്തി, പൈനാപ്പിള്‍ തുടങ്ങിയവപോലും നിലവിൽ കരിഞ്ഞുണങ്ങുകയാണ്. കാർഷിക ആവശ്യങ്ങൾക്ക് ജലം നൽകുന്നതിനുള്ള പദ്ധതികൾ പലതും നിർജീവമായതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഗ്രാമീണ കൃഷികളെ സഹായിക്കാന്‍ കൃഷി, ഇറിഗേഷന്‍ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

വെള്ളറട ഗ്രാമപഞ്ചായത്തില്‍ നൂറുമേനി വിളവ് ലഭിച്ചിരിന്ന കളത്തറ പാടശേഖരം നികത്താൻ ഭൂമാഫിയ വളഞ്ഞവഴിയിലൂടെ വിധി സമ്പാതിച്ചത് നെല്‍ക്രഷിക്ക് മരണമണിയായി. മഴയത്ത് ഉയരുന്ന വെള്ളം വാർന്നുപോകാത്തതിനാൽ കഴിഞ്ഞ വർഷത്തെ നെൽകൃഷി വെള്ളത്തില്‍ മുങ്ങി നശിച്ചു. പാടശേഖരം ഇപ്പോള്‍ കന്നുകാലികളുടെ മേച്ചിൽസ്ഥലമായി മാറി. ഇവിടെ പച്ചക്കറി കൃഷി ആരംഭിച്ചെങ്കിലും കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ നിലയിലാണ്.

Tags:    
News Summary - Summer is scorching; farmers abandon farming in border areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.