പ്രതീകാത്മക ചിത്രം
തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. നിയമനിർമാണത്തിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വനിത-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.
കോവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക-വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ടു വയസ്സുവരെ കുട്ടികൾക്ക് വിഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണമായും ഒഴിവാക്കണം. അഞ്ച് വയസ്സുവരെ മാതാപിതാക്കളുടെ അറിവോടെ ഒരുമണിക്കൂറായി നിജപ്പെടുത്തണം. 12 വയസ്സുവരെയുള്ളവർക്ക് സ്ക്രീൻ സമയം പരമാവധി രണ്ടുമണിക്കൂറായി നിയന്ത്രിക്കണം. 18 വയസ്സുവരെ പഠനത്തിനുപുറമെ സ്ക്രീൻസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തണമെന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമീഷൻ അംഗീകരിച്ചു.
കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ ടാബോ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽ ഫോൺ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ് ടീച്ചർക്ക് കൈമാറണം. നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിർദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഫോണോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാൽ താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകണം. മൊബൈൽ ഫോണുകൾ കണ്ടെത്താൻ ബാഗ് പരിശോധനയും ദേഹപരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗംവരുന്ന തരത്തിലാവരുത്. ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകർ കുട്ടികളോട് സൗഹാർദത്തോടെ പെരുമാറണം. കമീഷൻ ഉത്തരവിലെ ശിപാർശകൾ 2026-27 അധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കണം. കമീഷൻ ശിപാർശകളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ 30 ദിവസത്തിനകം ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.