മിനിമം ചാർജ്​: ബസുടമകളുടെ ചുവടുമാറ്റം സർക്കാറിനും തലവേദന

തിരുവനന്തപുരം: മിനിമം ചാർജിലടക്കം ധാരണയിലെത്തിയിരിക്കെ, ബസുടമകളുടെ ചുവടുമാറ്റം സർക്കാറിനും തലവേദന. നാലു​ മാസം മുമ്പ്​ നിരക്ക്​ ഭേദഗതി ആവശ്യമുയർന്നപ്പോൾ വിവിധ തലങ്ങളിലെ ചർച്ചയെ തുടർന്ന്​ മിനിമം ചാർജ്​ 10 രൂപയാക്കാമെന്ന്​ അനൗദ്യോഗിക ധാരണയിലെത്തിയിരുന്നു. കിലോമീറ്റർ നിരക്ക്​ 90 പൈസയിൽനിന്ന്​ ഒരു രൂപയാക്കുമെന്നായിരുന്നു സൂചന. എന്നാൽ, മിനിമം ചാർജ് എട്ടിൽനിന്ന്​ 12 രൂപ ആക്കണമെന്നാണ്​​ ബസുടമകൾ ഇപ്പോൾ ആവശ്യ​പ്പെടുന്നത്​. ഇന്ധനവിലയാണ്​ പ്രധാനമായും അവർ ചൂണ്ടിക്കാട്ടുന്നത്​. രൂക്ഷ വിലക്കയറ്റത്തിന്‍റെയും വേതനക്കുറവിന്‍റെയും നെരിപ്പോടിൽ നിൽക്കുന്ന സാധാരണക്കാർക്ക് കനത്ത പ്രഹരമാകും നിരക്ക്​ വർധന. ആറു​ രൂപയെന്ന വിദ്യാർഥി യാത്ര നിരക്ക്​ അംഗീകരിച്ചു​കിട്ടാത്ത സാഹചര്യമുണ്ടായാൽ പകരം പിടിവള്ളിയായാണ്​ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യം ഉടമകൾ മുന്നോട്ടുവെക്കുന്നത്​. ആറു രൂപ നിരക്ക്​ അതേപടി അംഗീകരിക്കാൻ സാധ്യത തീരെയില്ലെന്ന്​​ വ്യക്തമാണ്​. രണ്ടു രൂപ കൺസഷൻ വിദ്യാർഥികൾക്ക്​ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിവാദമാകുകയും എസ്​.എഫ്​.ഐ അടക്കം വിദ്യാർഥി സംഘടനകൾ കനത്ത പ്രതിഷേധമയുർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും. പ്രശ്നം പരിഹരിക്കാ​തെ നിരന്തരം അവധി മാറ്റിപ്പറയുകയാണ്​ സർക്കാർ ചെയ്യുന്നതെന്നാണ്​ ബസുടമകളുടെ ആരോപണം. 2021 നവംബർ എട്ടിന്​ മന്ത്രി പറഞ്ഞത്​ 10​ ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്നാണ്​. പിന്നീട്,​ 'ഡിസംബർ രണ്ടിന്​ വിദ്യാർഥി സംഘടനകളുടെ യോഗം, ഡിസംബർ14 രാമചന്ദ്രൻ കമീഷൻ യോഗം, മകര വിളക്ക്​, മുഖ്യമന്ത്രി അമേരിക്കയിൽനിന്ന്​ മടങ്ങിയെത്തും വരെ' തുടങ്ങി തുടർച്ചയായി ഒഴിവുകഴിവ്​ പറഞ്ഞ്​ സർക്കാർ ഒഴിയുകയാ​ണെന്നാണ്​ ആക്ഷേപം. സംസ്ഥാനത്ത്​ ഏറ്റവും ഒടുവിൽ 2021 ജൂൺ രണ്ടിനാണ്​ ബസ്​ നിരക്ക്​​ വർധനയുണ്ടായത്​. മിനിമം നിരക്ക്​​ വർധിപ്പിക്കാതെ, സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽനിന്ന്​ 2.5 കിലോമീറ്ററായി കുറക്കുകയായിരുന്നു അന്ന്​. കിലോമീറ്റർ നിരക്ക്​ 70 ൽ നിന്ന്​ 90 പൈസയുമാക്കി. മിനിമം ചാർജ് കൂടാത്തതിനാലും കോവിഡ്​ ഭീതിയുടെ കാലത്തായതിനാലും പരോക്ഷ സ്വഭാവത്തിലെ വർധന വലിയ തോതിൽ ജനത്തിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.