തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നടന്ന മോഷണത്ത തുടർന്ന് വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു
മാക്കാലിക്കാവ് ക്ഷേത്രത്തിലെ 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയി
കുന്നംകുളം: തെക്കേപ്പുറത്ത് ക്ഷേത്രത്തിൽ വൻ മോഷണം. പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും മോഷണം പോയി. ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ക്ഷേത്രത്തിലെ ശാന്തി അമ്പലം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ക്ഷേത്രത്തില്‍ സി.സി ടി.വി കാമറയുണ്ടെങ്കിലും അതിന്റെ മുകളില്‍ പട്ട് ചുറ്റിയ ശേഷമാണ് വിഗ്രഹം എടുത്തത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു. ക്ഷേത്രത്തിനകത്തും സമീപപ്രദേശങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന നടത്തി. മോഷണം നടന്ന രീതിയും പ്രതികളുടെ വഴിയും സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ കണ്ടെത്താനാണ് ഫോറന്‍സിക്-ഡോഗ് സ്ക്വാഡ് ടീമുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ക്ഷേത്രത്തിന് സമീപത്തെയും പ്രദേശത്തെ മറ്റ് റോഡുകളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏതാനും ദിവസം മുമ്പ് മാക്കാലിക്കാവ് അമ്പലത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ താലിയും നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചതിൽ ഏകദേശം 70,000 രൂപയും നഷ്ടപ്പെട്ടിരുന്നു. മേഖലയില്‍ മോഷണം പതിവായ സാഹചര്യത്തില്‍ പൊലീസ് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന മോഷണങ്ങള്‍ നാട്ടുകാരില്‍ കടുത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.