ദേശീയപാതയോര നിയന്ത്രണം; കോടതിവിധി തിരുത്താൻ സർക്കാർ ഇടപെടണമെന്ന് നഗരസഭ കൗൺസിൽ
ചാവക്കാട്: ദേശീയപാതയോരത്തെ കെട്ടിട നിർമാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി വിധി സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലും തിരുത്തൽ ഹരജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. ചെയർപേഴ്സൺ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് പിന്തുണച്ചു.
തീരദേശ പരിപാലന നിയമം മൂലം കെട്ടിട നിർമ്മാണമോ മറ്റ് വികസന പ്രവർത്തനങ്ങളോ നടത്താൻ കഴിയാത്ത നിലയിൽ ജനം ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി വന്നത്. ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള ചാവക്കാട് നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത പോകുന്നത്. 4.5 കിലോമീറ്റർ കടലോരമുള്ള നഗരസഭയിൽ 500 മീറ്ററും, കനോലി കനാൽ തീരത്ത് 50 മീറ്ററും, പാലയൂർ മേഖലയിലെ (13, 14 വാർഡുകൾ) കണ്ടൽക്കാടുകളുമായി ബന്ധപ്പെട്ട് 100 മീറ്ററും ദൂരപരിധി പാലിച്ച് മാത്രമേ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ.
വികസന പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ നേരിടുന്നതിന്റെ പ്രായോഗിക പ്രതിസന്ധി നിലനിൽക്കെയാണ് ദേശീയപാതയോരത്ത് 40 മീറ്റർ, 75 മീറ്റർ എന്നിങ്ങനെ നിർമാണ നിരോധന ദൂരപരിധി നിശ്ചയിച്ചുള്ള വിധി വന്നിട്ടുള്ളത്. പുതിയ ഹൈവേക്കായി സ്ഥലം വിട്ടുനൽകിയവർക്ക് അവശേഷിക്കുന്ന ഭൂമിയിൽ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് വരുന്നത്. വീട് നിർമാണ പെർമിറ്റ് പാസായി നിർമാണ പ്രവൃത്തി ആരംഭിച്ചവരെല്ലാം ആശങ്കയിലാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.