ചെട്ടിയങ്ങാടി ജുമാ മസ്ജിദിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്കരനെ ആദരിച്ചപ്പോൾ (ഫയൽ ചിത്രം)
ചെട്ടിയങ്ങാടി ജുമാ മസ്ജിദിന് ഇനി പുഷ്കരന്റെ കാവലില്ല; വിടപറഞ്ഞത് 15 വർഷം പള്ളിമുറ്റം കാത്ത സൗമ്യമുഖം
തൃശൂർ: എല്ലാ വെള്ളിയാഴ്ചയുമെന്ന പോലെ തൃശൂർ ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി അബ്ദുൽ ബാസിത്തിന്റെ ഫോണിലേക്ക് ഇന്നലെ രാവിലെയും പുഷ്കരന്റെ നമ്പറിൽനിന്ന് വിളിയെത്തി. ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് ‘പുഷ്കരാ പോരേ, ഉച്ചക്ക് നമുക്ക് കാണാം’’ എന്ന് ബാസിത്ത് മറുപടി നൽകിയപ്പോൾ മറുതലക്കൽ നിന്ന് ഒരു പൊട്ടിക്കരച്ചിലാണുയർന്നത്. പുഷ്കരന്റെ മകളായിരുന്നു മറുതലക്കൽ.
നീണ്ട 15 വർഷം തൃശൂർ പോസ്റ്റ് ഓഫിസ് റോഡിലെ ചെട്ടിയങ്ങാടി മസ്ജിദിന്റെ കാവൽക്കാരനായിരുന്ന പുഷ്കരൻ ജീവന്റെ കാവൽ നിലച്ച് ഭൂമിയിൽനിന്ന് മടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ മരണവിവരം മഹല്ല് ഭാരവാഹികളെ അറിയിക്കാനാണ് മകൾ ബാസിത്തിനെ വിളിച്ചത്. എല്ലാ വെള്ളിയാഴ്ചയും ഖുത്തുബക്ക് ഒരുമിച്ചുകൂടുന്ന പരിചയക്കാരെ കാണാൻ അസുഖബാധിതനായതിന് ശേഷവും പുഷ്കരൻ പള്ളിയിൽ എത്താറുണ്ടായിരുന്നു. വരുന്നതിന് മുമ്പ് അബ്ദുൽ ബാസിത്തിനെ വിളിക്കും. ഇന്നലെയും പതിവു വിളിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണെടുത്തയുടൻ സംസാരിച്ച് തുടങ്ങിയതെന്ന് പറഞ്ഞു നിർത്തിയപ്പോഴേക്കും ബാസിത്തിന്റെ കണ്ഠമിടറി.
തൃശൂർ കുറ്റൂർ സ്വദേശിയാണ് 74കാരനായ പുഷ്കരൻ. പള്ളിയിലേക്ക് പ്രാർഥനക്കെത്തുന്ന ഓരോ വിശ്വാസിയെയും ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹം വരവേൽക്കുക. പ്രാർഥനക്കെത്തുന്നവർക്ക് എല്ലാ സഹായവും ചെയ്തുനൽകും. അഞ്ച് നേരത്തേ നമസ്കാരവും അതിന്റെ സമയം സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. പ്രാർഥനക്ക് മുമ്പുള്ള മുന്നൊരുക്കങ്ങളെല്ലാം കൃത്യമായി നടത്തും. പള്ളിയുടെ ദൈനംദിന കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്നു പുഷ്കരനെന്ന് ബാസിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും വിശ്വസിച്ച് ഏൽപിക്കുമായിരുന്നു. ഞങ്ങൾ ഒരു സഹോദരനെ പോലെയാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. പെരുന്നാൾ അടക്കമുള്ള വിശേഷ ദിവസങ്ങളിൽ പുഷ്കരനും സജീവമായി പങ്കുകൊള്ളുമായിരുന്നു -ബാസിത്ത് പറയുന്നു. അസുഖബാധിതനായി ഏറെ അവശനായതിനെ തുടർന്നാണ് പള്ളിയിലെ ജോലി മതിയാക്കിയത്. വീട്ടിൽ ചികിത്സയിൽ തുടരുകയായിരുന്നു.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞയുടൻ പള്ളിയിൽ മരണവാർത്ത ബോർഡിൽ എഴുതി അറിയിച്ചു. അബ്ദുൽ ബാസിത്ത്, മസ്ജിദ് ചീഫ് ഇമാം ഇബ്രാഹിം ഫലാഹി, മിഥ്ലാജ് ബാഖവി എന്നിവർ പുഷ്കരന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ ചീഫ് ഇമാം പുഷ്കരന്റെ സേവനങ്ങളെ സംബന്ധിച്ച് പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.