ഓപറേഷൻ തൂഫാൻ സന്ദേശവാഹകരായി രണ്ട് യുവാക്കൾ ലഡാക്കിലേക്ക് നടത്തുന്ന ബുള്ളറ്റ് യാത്രയുടെ ഫ്ലാഗ് ഓഫ് തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് നിർവഹിക്കുന്നു
ഓപറേഷൻ തൂഫാൻ സന്ദേശവുമായി ഇരുചക്രവാഹനത്തിൽ കശ്മീരിലേക്ക്
തൃശൂർ: ബിയോണ്ട് വീൽസ് റൈഡേഴ്സ് ക്ലബ് അംഗങ്ങളായ കെ. ജെയ്നോ, ജോൺ കെ. ജോഗിൽ എന്നിവർ ഓപറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10.30ന് തൃശൂർ സിറ്റി പൊലീസ് ആസ്ഥാനത്തുനിന്ന് കശ്മീരിലേക്ക് യാത്രതിരിച്ചു.
കേബിൾ ടി.വി ഓപറേറ്ററായ ജെയ്നോ ജോണും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജോൺ കെ. ജോഗിലും മരോട്ടിച്ചാൽ സ്വദേശികളും കൂട്ടുകാരുമാണ്. രാജ്യം മുഴുവൻ തൂഫാൻ തരംഗം തീർക്കുകയെന്ന ലക്ഷ്യത്തോടെ ‘സേ നോ ടു ഡ്രഗ്സ്’ സന്ദേശം പ്രചരിപ്പിച്ചാണ് തൃശൂരിൽനിന്ന് ഇരുചക്രവാഹനത്തിൽ യാത്ര തുടങ്ങിയത്. കശ്മീരിലെ ലഡാക്ക് വരെ നീളുന്ന യാത്ര സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ്, നാർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ പി. ഷിബു എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
2024 ഡിസംബറിൽ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് നടത്തി യാത്രകളെ അത്രമാത്രം നെഞ്ചിലേറ്റിയ ജെയ്നോക്ക് മുന്നോട്ടുള്ള വഴികൾ ഏറെ പരിചിതമാണ്. കൂട്ടുകാരനായ ജോഗിൽ ഏറെ ആകാംക്ഷയിലും സന്തോഷത്തിലുമാണ്. സിന്തറ്റിക് ലഹരികളല്ല യഥാർഥ ലഹരിയെന്നും ജീവിതം തന്നെയാണ് ലഹരിയെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും അതുവഴി തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് നടത്തുന്ന ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നതിനും വേണ്ടിയും കൂടുതൽ യുവാക്കളെ ലഹരിക്കെതിരെ പൊലീസിനോട് ചേർന്ന് പ്രവർത്തിക്കുന്നതിന് പ്രചോദനമേകുന്നതിനുമാണ് യാത്ര ഒരുക്കിയതെന്ന് ഇവർ അറിയിച്ചു.
തൃശൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസിസ്റ്റൻറ് കമീഷണർമാരായ പി.ആർ. ബിജോയ് (സ്പെഷൽ ബ്രാഞ്ച്), ടി.ആർ. രാജേഷ് (തൃശൂർ), സുരേന്ദ്രൻ മാങ്ങാട്ട് (ഗുരുവായൂർ), സാജു അബ്രഹാം (കുന്നംകുളം), കെ.പി. ബെന്നി (ഒല്ലൂർ), മുഹമ്മദ് നിസാർ (ക്രൈം ബ്രാഞ്ച്) എന്നിവരും ജില്ലയിലെ മുതിർന്ന പൊലീസ് ഓഫിസർമാരും നാർകോട്ടിക് സെല്ലിലെ ഓഫിസർമാരും ബിയോണ്ട് വീൽസ് റൈഡേഴ്സ് ക്ലബ് കോഓഡിനേറ്റർ നിഖിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.