തൃശൂർ: റേഷൻ സ്മാർട്ട് കാർഡ് തയാറാക്കാൻ അധികതുക വാങ്ങി റേഷൻ വ്യാപാരി സംഘടന കാർഡ് ഉടമകളെ പിഴിയുന്നു. സംഘടനയിൽ അംഗമായ വ്യാപാരികൾ നടത്തുന്ന റേഷൻ കടയിൽ കാർഡുള്ളവരാണ് തട്ടിപ്പിന് ഇരയാവുന്നത്. കാർഡ് ഒന്നിന് ഒരാളിൽനിന്ന് 15 രൂപ മുതൽ അധിക തുകയാണ് ഈടാക്കുന്നത്. കാർഡ് സ്മാർട്ടാക്കി നൽകുന്നതിന് തിരുവനന്തപുരം കേന്ദ്രമായി ഒരു സ്ഥാപനത്തെ ചുമതലപ്പെടുത്തിയാണ് ജനത്തിൽനിന്ന് അമിത തുക ഈടാക്കുന്നത്. കാർഡ് പ്രിന്‍റ് ചെയ്യുന്ന നടപടികളുടെ ഭാഗമായി ഉടമയുടെ മൊബൈൽഫോണിൽ ഒ.ടി.പി സന്ദേശം എത്തുക പതിവാണ്. വ്യാപാരികൾ നൽകിയ കാർഡ് ഉടമകളുടെ മൊബൈൽ നമ്പറുകളുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ നിന്നുള്ളവർ കാർഡ് പ്രിന്‍റ് ചെയ്യുന്നതിന് പരക്കെ വിളിക്കുകയാണ്. കാർഡ് പ്രിന്‍റ് ചെയ്യുന്നതിന് താൻ അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് പറയുന്നവരോട്, സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിയാണ് വിളിക്കുന്നതെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരോട് നിയമപരമായി ചെയ്യാനുള്ളതെല്ലാം ചെയ്തോ എന്ന വെല്ലുവിളിയും ഇവർ ഉയർത്തുന്നു. അതേസമയം സ്മാർട്ട് കാർഡ് പ്രിന്‍റ് ചെയ്യുന്നതിന് ഒ.ടി.പി നമ്പർ നൽകിയാൽ കാർഡ് റേഷൻ വ്യാപാരിക്ക് നൽകും. സർക്കാർ ഉത്തരവ് അനുസരിച്ച് സ്മാർട്ട് റേഷൻ കാർഡിനായി വാങ്ങേണ്ട 65 രൂപക്ക് പകരം ചുരുങ്ങിയത് 80 രൂപവരെ വാങ്ങുകയാണ് സംഘടന ചെയ്യുന്നത്. സർക്കാറിന്‍റെ 100 ദിന പരിപാടികളിൽ ഒന്നാണ് സ്മാർട്ട് കാർഡ്വത്കരണം. എന്നാൽ സ്മാർട്ട് കാർഡ് ഇപ്പോൾ നിർബന്ധമാക്കിയിട്ടില്ല. മാത്രമല്ല കാർഡ് ഉപയോഗിക്കുന്നതിന് ക്യൂആർ കോഡ് പോലും തയാറാവുന്നേയുള്ളൂ. കാർഡ് ഉടമയുടെ പേരല്ലാതെ മറ്റൊന്നും നിലവിൽ കാർഡിൽ കാണാനാവില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ജനത്തെ പിഴിയാൻ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഒരുകൂട്ടർ. റസിഡന്റ്സ് അസോസിയേഷനുകൾ വഴി അക്ഷയ സെന്‍ററുകൾ, കോമൺ സർവിസ് സെന്‍ററുകൾ മുഖേന വിവിധ മേഖലകളിൽ ക്യാമ്പ് നടത്തി റേഷൻ കാർഡ് തയാറാക്കി നൽകുന്നുണ്ട്. അതേസമയം സർക്കാറിന്‍റെ പേര് പറഞ്ഞ് ഇത്തരത്തിൽ ക്യാമ്പ് നടത്തി പണം പിടുങ്ങുന്നതിന് എതിരെ പൊതു വിതരണ വകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.