അനധികൃതമായി പിടിച്ച ചെറുമത്സ്യങ്ങളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുറംകടലിലേaക്ക് വിടുന്നു
തൃശൂർ: മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പിടിച്ച 5,750 കിലോ ചെറുമത്സ്യങ്ങളുമായി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് മത്സ്യബന്ധന ബോട്ട് പിടികൂടി. എറണാകുളം പള്ളിപ്പുറം സ്വദേശി കടുവാങ്കശ്ശേരി വീട്ടിൽ ലളിതയുടെ ഉടമസ്ഥതയിലുള്ള ‘പാദുവ ആന്റണി’ എന്ന ബോട്ടാണ് പിടിയിലായത്. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ബോട്ടുടമയിൽനിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.
നിയമവിധേയമായ വലിപ്പമില്ലാത്ത കിളിമീൻ, ഉലുവാച്ചി എന്നിവയാണ് കണ്ടെടുത്തത്. തീരക്കടലിലും അഴിമുഖങ്ങളിലും ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഉപയോഗയോഗ്യമായ മത്സ്യം ലേലം ചെയ്ത് ലഭിച്ച 1,78,650 രൂപ ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ ഉദ്യോഗസ്ഥർ പുറംകടലിലേക്ക് വിട്ടു.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടുന്നത് മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സി.കെ. മനോജ്, ഫിഷറീസ് ഓഫിസർ സഹന ഡോൺ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ് എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.