തരിശു പുരയിടത്തിലെ തീ ട്രാൻസ്ഫോർമറിലേക്ക് പടരാതെ അഗ്നിരക്ഷാസേനാ അണക്കുന്നു
കുമ്പനാട്: വേനൽ കടുത്തതോടെ നാട്ടിലെങ്ങും തീപിടിത്തം പതിവായി. കഴിഞ്ഞ ദിവസം കുമ്പനാടിന് സമീപം തരിശു പുരയിടത്തിലെ കാടിന് തീപിടിച്ച് സമീപത്തുള്ള ട്രാൻസ്ഫോമറിന് സമീപം വരെ എത്തിയത് ആളുകളിൽ പരിഭ്രാന്തി പരത്തി. കുമ്പനാട് ഓതറ റോഡിൽ കൊച്ചാലുമൂടിന് സമീപം പുത്തൻപീടിക ഭാഗത്ത് കഴിഞ്ഞ ദിവസം 11.30നാണ് ആൾത്താമസമില്ലാത്ത പുരയിടത്തിൽനിന്ന് തീ പടർന്നത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പുത്തൻപീടിക ഭാഗത്തെ 11 കെ.വി ലൈനിലെയും ട്രാൻസ്ഫോമറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇത് മൂലം വലിയ ദുരന്തം ഒഴിവായി.
തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ ഒരുമണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്റ്റേഷൻ ഓഫിസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനിൽകുമാർ, ഓഫിസർമാരായ വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, ആകാശ് തോമസ് എന്നിവർ നേതൃത്വം നൽകി. വേനൽക്കാലമായതോടെ തരിശ് പുരയിടങ്ങളിലെ പുല്ലും കാടും വെട്ടി തെളിയിക്കുന്നതിന് ഭൂവുടമകൾക്ക് നിർദേശം പഞ്ചായത്തുകളിൽനിന്ന് നൽകണമെന്നും അല്ലാത്ത പക്ഷം ഉടമകളുടെ അനാസ്ഥ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും തീ കെടുത്തുന്നതിനുള്ള ചെലവ് ഭൂവുടമയിൽനിന്ന് ഇടാക്കണമെന്നുള്ള ആവശ്യം ശക്തമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.