പത്തനംതിട്ട: സംസ്ഥാനത്ത് ഭൂസമര ചരിത്രത്തിൽ പുതിയ മാതൃക തീർത്ത ചെങ്ങറ സമരം 20ാം വർഷത്തിലേക്ക്. 2007 ആഗസ്റ്റ് നാലിന് ളാഹ ഗോപാലന്‍റെ നേതൃത്വത്തിൽ ആയിരക്കണക്കിന് മനുഷ്യർ ഹാരിസൺ മലയാളം പ്ലാന്‍റേഷൻ കൈവശം വെച്ചിരിക്കുന്ന കുറുമ്പറ്റി എസ്റ്റേറ്റിൽ കുടിൽകെട്ടി സമരം ആരംഭിച്ചു.
റോഡ് തോട് പുറമ്പോക്കുകളിലും കോളനികളിലും താമസിച്ചിരുന്ന ജനങ്ങൾക്ക് കൃഷിഭൂമിയും മറ്റവകാശങ്ങളും ലഭിക്കണം എന്നാവശ്യപ്പെട്ട് സാധുജന വിമോചന സംയുക്ത വേദി (എസ്.വി.എസ്.വി) രൂപവത്കരിച്ച് ദീർഘനാളായി നടത്തിവന്ന സമരത്തിന്‍റെ അടുത്ത ഘട്ടമായിരുന്നു ഇത്. സമരഭൂമി ഒഴിപ്പിക്കാനുള്ള സർക്കാറിന്‍റെ എല്ലാ ശ്രമങ്ങളും ളാഹ ഗോപാലൻ എന്ന സമര തന്ത്രജ്ഞൻ പരാജയപ്പെടുത്തി. തുടർന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ ട്രേഡ് യൂനിയനുകളെ ഉപയോഗിച്ച് സമരം തകർക്കാൻ ശ്രമിച്ചു. സമരഭൂമിയിലേക്കുള്ള ഏകവഴി ഉപരോധിച്ചു, പുറത്തേക്കെത്തിയ ആളുകളെ, ഗർഭിണിയുൾപ്പെടെ സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിച്ചു.
വരുമാനമോ ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ റബർ തോട്ടത്തിലെ പ്ലാസ്റ്റിക് ഷെഡുകളിൽ മനുഷ്യർ നരകിച്ചപ്പോൾ സഹായവുമായി സംസ്ഥാനമെമ്പാടുനിന്നും മനുഷ്യസ്നേഹികൾ എത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഡോക്ടർമാരും കാൽനടയായി വനത്തിലൂടെ സമരഭൂമിയിലെ മനുഷ്യരെ തേടിയെത്തി. നരകയാതനയിലും സമരവീര്യം കൈവിടാൻ തയാറാകാതിരുന്ന ജനത സമരഭൂമിയിൽ അംബേദ്കർ മാതൃകാഗ്രാമം തീർത്തു. ളാഹ ഗോപാലൻ, വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടെ എത്തിച്ച് ഭൂമി അളന്ന് ഓരോ കുടുംബത്തിനും 50 സെന്റ് വീതം നൽകി.
എല്ലാ കുടുംബങ്ങൾക്കും എത്താൻ വഴിയൊരുക്കി. സമരഭൂമിയിൽ എത്തിയ കുട്ടികളെ വിവിധ ഇടങ്ങളിൽ ഹോസ്റ്റലുകൾ കണ്ടെത്തി പഠനസൗകര്യം ഒരുക്കി. തോട്ടഭൂമിയെ കൃഷിഭൂമിയാക്കി മാറ്റി. വന്യമൃഗങ്ങളിൽനിന്ന് കൃഷിയും ജീവനും സംരക്ഷിക്കുന്നതിന് ഏഴ് കിലോമീറ്ററോളം ദൂരത്തിൽ സമരഭൂമിക്ക് ചുറ്റും കൂറ്റൻ മതിൽകെട്ടി ഉയർത്തി. മലവെള്ളപ്പാച്ചിലിൽ തകർന്ന സമരഭൂമിയിലെ പ്രവേശന വഴിയിലെ പാലം പുനർനിർമിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടു. മാതൃകാഗ്രാമത്തിനുള്ളിൽ ലഹരി നിരോധിക്കുകയും പ്രവേശന കവാടത്തിൽ ഇതിനായി പരിശോധന ആരംഭിക്കുകയും ചെയ്തു. 19 വർഷം പൂർത്തിയാകുമ്പോഴും ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്ന അംബേദ്കർ മാതൃകാഗ്രാമം അവകാശപ്പോരാട്ടം തുടരുകയാണ്. മതിൽ തകർന്ന് കൃഷി ദുഷ്കരമായി. സമരഭൂമി ഗ്രാമാന്തരീക്ഷം കൈവരിച്ചെങ്കിലും അടച്ചുറപ്പുള്ള വീടുകളും കുടിവെള്ളവും ശൗചാലയവും വൈദ്യുതിയും വാഹന യാത്രക്കുതകുന്ന റോഡുകളും സമരഭൂമിയുടെ ആവശ്യങ്ങളായി നിലനിൽക്കുന്നു. ഇവയെല്ലാം ലഭിക്കാൻ തങ്ങൾ താമസിക്കുന്ന ഭൂമിക്ക് ആദ്യം പട്ടയം നൽകണമെന്ന ആവശ്യവുമായി മാറിമാറി വരുന്ന സർക്കാറുകൾക്കു മുന്നിൽ പോരാട്ടം തുടരുകയാണ് ളാഹ ഗോപാലൻ ഇല്ലാത്ത ചെങ്ങറ സമരഭൂമി.
താൽക്കാലിക റേഷൻ കാർഡ് നൽകി രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ഘട്ടത്തിൽ സമരഭൂമിയിൽ റേഷനെത്തിച്ചു എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. സമരഭൂമിയിലെ 45ാം കൗണ്ടറിൽ ചൊവ്വാഴ്ച രാവിലെ 19ാം വാർഷികാചരണ സമ്മേളനം നടക്കും. സാമൂഹിക പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, വിളയോടി വേണുഗോപാൽ , ജോസഫ് എം. പുതുശ്ശേരി, ഫാ. അഗസ്റ്റിൻ വട്ടോളി, എസ്. രാജീവൻ, ബിജോയ് ഡേവിഡ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.