പത്തനംതിട്ട: സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാനുള്ള തീരുമാനം പൂർണ തോതിൽ നടപ്പായാൽ സംസ്ഥാനത്തെ വെള്ളപ്പൊക്ക സാധ്യത വലിയ രീതിയിൽ കുറയും. വളവുള്ള പുഴകളിലെ ഒഴുക്കിന്‍റെ ഗതിയിൽ ചെറിയ മാറ്റം വരുത്തുക വഴി മലയോര മേഖലകളിൽ പൊടുന്നനെ വെള്ളംകയറി വലിയ നാശമുണ്ടാകുന്നത് തടയാനാകും. തോട്ടപ്പള്ളി സ്പിൽവേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും പ്രളയജലം സുഗമമായി ഒഴിഞ്ഞുപോകുന്ന സാഹചര്യം ഉറപ്പായാൽ എല്ലാ കാലത്തും പ്രളയം വേട്ടയാടുന്ന കുട്ടനാടിനും ആശ്വാസമാകും. തോട്ടപ്പള്ളി സ്പിൽവേ നവീകരണവും ഇവിടേക്ക് വെള്ളമെത്തുന്ന കരുവാറ്റ ലീഡിങ് ചാനലിന്‍റെ വീതി കൂട്ടലും കുറ്റമറ്റ നിലയിൽ പൂർത്തിയാക്കണം. എക്കലും മണലും നീക്കി വേമ്പനാട് കായലും ആഴം കൂട്ടണം.
സംസ്ഥാനത്തെ നദികളിലെ മണൽവാരൽ തടസ്സപ്പെടാൻ പ്രധാനകാരണം രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിന്‍റെ പ്രധാന സ്രോതസ്സായ പാറമട ലോബിയുടെ സ്വാധീനമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെ മറികടക്കാൻ വിഷയത്തിൽ അടിയന്തര നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും പുതിയ സർക്കാറിനും കഴിയുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്തെ നദികളിൽനിന്ന് 27 ലക്ഷം ടൺ മണൽ വാരാൻ കഴിയുമെന്നാണ് കണക്ക്. 2018ലെ പ്രളയത്തിനു ശേഷം നടത്തിയ സാൻഡ് ഓഡിറ്റിങ്ങിൽ നദികളിൽനിന്ന് ശരാശരി രണ്ട് മീറ്റർ ആഴത്തിൽ മണൽ നീക്കം ചെയ്യണമെന്നാണ് നിർദേശിച്ചിരുന്നത്. സംസ്ഥാനത്തെ 18 നദികളിലാണ് മണൽ ശേഖരം കണ്ടെത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സാൻഡ് ഓഡിറ്റിങ് നടത്തിയത്.
നാടിന്‍റെ വലിയ ജലസംഭരണിയായ വേമ്പനാട്ടുകായലിന്‍റെ വിസ്‌തൃതിയും ആഴവും വലിയ തോതിൽ കുറഞ്ഞു. അമ്പത് വർഷം മുമ്പ് 6.7 മീറ്ററായിരുന്നു കായലിന്‍റെ ആഴം. 2001ൽ നടത്തിയ പഠനത്തിൽ അത് 4.4 മീറ്ററായും വീണ്ടും 2010ൽ നടത്തിയ പഠനത്തിൽ 3.5 മീറ്ററിനും 2.5 മീറ്ററിനും മധ്യേ ആണെന്നും കണ്ടെത്തി. ഇപ്പോൾ അത് രണ്ട് മീറ്ററിൽ താഴെ മാത്രമാണ്. ഇതിൽനിന്ന് മണലും എക്കലും നീക്കി ആഴം കൂട്ടേണ്ടതിന്‍റെ അനിവാര്യത വ്യക്തമാണ്. പുഴകളിലെ മണൽവാരൽ പുനഃരാരംഭിക്കുന്നത് സംസ്ഥാനത്തെ നിർമാണ മേഖലക്കും വലിയ അനുഗ്രഹമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.