അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു
പത്തനംതിട്ട: സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ സേനക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കര്മധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പൊലീസ് എന്നും മാതൃകയായിട്ടുണ്ട്.
പൊതുജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതുതായി പൊലീസിലേക്ക് എത്തുന്ന സേനാഗംങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുരസ്കാരവും വിതരണം ചെയ്തു.
കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനില്‍നിന്നുള്ള 205ഉം കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനില്‍നിന്നുള്ള 126ഉം ഉള്‍പ്പെടെ 331 റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെ.എ.പി മൂന്നാം ബറ്റാലിയനില്‍നിന്ന് മികച്ച ഇന്‍ഡോറായി എസ്. ഹരികൃഷ്ണന്, മികച്ച ഔട്ട്ഡോര്‍ കാഡറ്റായി എസ്. സൂരജ്, മികച്ച ഷൂട്ടറായി ജി.എസ്. ഹരികൃഷ്ണന്, മികച്ച ഓള്‍റൗണ്ടറായി വി. വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍നിന്ന് മികച്ച ഇന്‍ഡോറായി അനന്തു സുരേഷ്, മികച്ച ഔട്ട്ഡോര്‍ കാഡറ്റായും ഓള് റൗണ്ടറായും കെ.എസ്. അഭിജിത്ത്, മികച്ച ഷൂട്ടറായി എല്‍ദോ പൗലോസ് എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ആംഡ് പൊലീസ് ബറ്റാലിയന് എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്. ആനന്ദിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു
പത്തനംതിട്ട: തൂഫാന് പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് ലഭിച്ച പത്തനംതിട്ട ജില്ല പൊലീസ് ഓഫിസിനുള്ള സർട്ടിഫിക്കറ്റ് ജില്ല പൊലീസ് മേധാവി ആര്. ആനന്ദിന് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങള്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഭാഗമാക്കും. ഗ്രാമപഞ്ചായത്തുകളില്‍ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പദ്ധതി വിപുലമാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ തൂഫാന് പതാക ഉയര്‍ത്തും. ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറാക്കി പ്രത്യേക സംവിധാനം രൂപവത്കരിക്കും. ആഗസ്റ്റ് 15ന് തുടങ്ങുന്ന ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിയിലൂടെ വകുപ്പിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളിലെത്തും. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കും. പൊലീസ് സ്റ്റേഷനുകളിലെ എഫ്.ഐ.ആര് ഒക്ടോബര്‍ രണ്ടു മുതല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍നിന്ന് നിരീക്ഷിക്കാനാകും. സ്റ്റേഷന് പരിസരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കി ശുചീകരിക്കും. പരാതിക്കാര്‍ക്ക് കസേര, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.