മി​ന്ന​ൽ പ്ര​ള​യം; റാ​ന്നി ടൗ​ൺ വെ​ള്ള​ത്തി​ൽ

റാന്നി: 2018ന് ശേഷം എത്തിയ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് റാന്നിയിലെ ജനങ്ങള്‍. ഒരു ദിവസം നീണ്ടുനിന്ന കനത്ത മഴയില്‍ നദിയില്‍ വെള്ളം ഉയര്‍ന്നതോടെ വ്യാപാരികളും നാട്ടുകാരും പരിഭ്രാന്തിയിലായി. അപ്രതീക്ഷിതമായതിനാല്‍ എല്ലാ വ്യാപാരികള്‍ക്കും സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ല. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളം കയറി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വെള്ളം കയറിയതോടെ ഗതാഗതവും മുടങ്ങി. മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറിയതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ദുരിതമായി. അത്തിക്കയം, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊക്കും ഗതാഗതം മുടക്കി. ഇടമുറി-അത്തിക്കയം റോഡില്‍ പൊന്നമ്പാറയില്‍ മരം വൈദ്യുതി ലൈനിനു മുകളില്‍ വീണ് നിരവധി വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. റാന്നിയില്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തിന്‍റെ സേവനം ലഭ്യമായിട്ടുണ്ട്.

മലയോര മേഖലയിൽ മഴ ശക്തമായതോടെ കുരുമ്പൻമൂഴി കോസ്‌വേ പൂർണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പമ്പാനദിയിലെ പെരുന്തേനരുവി തടയണയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ്‌വേ പൂർണമായും മുങ്ങി. ഇതോടെ കുരുമ്പൻമൂഴി നിവാസികൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്ന് വശവും ശബരിമല വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട ഒറ്റപ്പെട്ട ഭൂപ്രദേശമാണ് കുരുമ്പൻമൂഴി. നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്തുകാർക്ക് പുറംലോകത്തെത്താനുള്ള പ്രധാന ആശ്രയമാണ് ഈ കോസ്‌വേ. വനത്തിലൂടെ മറുഭാഗത്ത് എത്താൻ നിലവിൽ റോഡ് സൗകര്യമുണ്ടെങ്കിലും പോത്ത്, ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. വർഷാവർഷങ്ങളിൽ മഴക്കാലത്ത് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ പമ്പാനദിക്ക് കുറുകെ ഒരു സ്ഥിരം പാലം നിർമ്മിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. നിലവിൽ കോസ്‌വേക്ക് മുകളിലൂടെ ശക്തമായ നീരൊഴുക്കുള്ളതിനാൽ ഈ വഴിയിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - flood; Ranni town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.