തിരുവല്ലയിൽ വെള്ളംകയറി വീട്ടിൽ കുടുങ്ങിയയാളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു, ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിന് ശേഷം തിരികെ പോകുന്ന മത്സ്യബന്ധന വള്ളങ്ങൾ
പ്രളയദുരിതം നീങ്ങാതെ അപ്പർകുട്ടനാട്; റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളമിറങ്ങി
പത്തനംതിട്ട: പ്രളയം രൂക്ഷമായി ബാധിച്ച ജില്ലയുടെ റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങി. എന്നാൽ, തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പ്രളയസാഹചര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളം കയറാത്ത വീടുകളില്ല എന്നതാണ് സ്ഥിതി. ചൊവ്വാഴ്ച രാത്രിയിലും പെയ്ത മഴ ബുധനാഴ്ച പകൽ മാറിനിന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായി. വീടുകളിൽ വെള്ളം കയറിയെങ്കിലും നല്ല വിഭാഗം ആളുകൾ ഇപ്പോഴും ഇവിടങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാതെ വീടുകളിൽതന്നെ കഴിയുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് വള്ളത്തിലും മറ്റും വീടുകളിൽ ഭക്ഷണവും കുടിവെള്ളവുമൊക്കെ എത്തിച്ചുകൊടുക്കുകയാണ്. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചിരിക്കുന്നത് ജനങ്ങളുടെ പ്രയാസം വർധിപ്പിക്കുന്നു.
വെള്ളമിറങ്ങിയ ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിൽ ഇപ്പോഴും വയലുകളോടു ചേർന്നുള്ള റോഡുകളുടെ ഓരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. കോഴഞ്ചേരി-മാവേലിക്കര റൂട്ടിൽ ആറന്മുളക്ക് സമീപം കോഴിപ്പാലം ഇടയാറന്മുള കിഴക്ക് റോഡിൽനിന്നും വെള്ളമിറങ്ങിത്തുടങ്ങിയത് ബുധനാഴ്ച രാവിലെ മാത്രമാണ്. പണ്ട് ആറന്മുള സത്രകടവ് ഭാഗത്ത് റോഡിൽനിന്നും വെള്ളം ഇറങ്ങുന്നതിനൊപ്പം ഇടയാറന്മുള കിഴക്കു ഭാഗത്തുനിന്നും വെള്ളം വലിയുമായിരുന്നു. എന്നാൽ, ഇവിടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇടയാറന്മുള കിഴക്ക്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിന്റെ വലതുഭാഗത്ത് പത്തുവർഷം മുമ്പു വരെ വിശാലമായ വയലായിരുന്നു. പ്രളയസമയത്ത് ഈ വയൽ മേഖലയിൽ വെള്ളം കയറി നിറയുന്നതിനാൽ റോഡിലേക്ക് അധികം വ്യാപിച്ചിരുന്നില്ല. കൂടാതെ പ്രളയം ശമിക്കുമ്പോൾ വെള്ളം കോഴിത്തോട്ടിലൂടെ ഒഴുകി പമ്പയിൽ എത്തുകയാണ് പതിവ്.
എന്നാൽ, ഇന്ന് വയൽ നികന്നു എന്നത് മാത്രമല്ല, റോഡിന്റെ ഓരം മുഴുവൻ കെട്ടിടങ്ങളും മതിലുമാണ്. വയൽ മേഖല നികന്നതോടെ ജലം റോഡിലേക്ക് പ്രവഹിക്കാൻ തുടങ്ങി. കോഴിത്തോട്ടിലേക്ക് വെള്ളം ഒഴുകാനുള്ള മാർഗങ്ങളും അടഞ്ഞതോടെ നാലു ദിവസം ഗതാഗതവും മുടങ്ങി. ആറന്മുള കിടങ്ങന്നൂർ റോഡിലും ഇതായിരുന്നു സ്ഥിതി.
ജില്ലയിൽ നികന്നത് 5000 ഹെക്ടർ വയൽ
പത്തനംതിട്ട: വീണ്ടും ഒരു പ്രളയം നാശം വിതച്ച ജില്ലയിൽ കുറഞ്ഞത് 5000 ഹെക്ടർ വയൽ മേഖല നികന്നതായാണ് പരിസ്ഥിതി സംഘടനകളുടെ കണക്ക്. സമൃദ്ധമായി നെൽകൃഷി നടന്നിരുന്ന സ്ഥലങ്ങളാണ് ഇവ ഏറെയും. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ കൈയിൽ ഔദ്യോഗിക കണക്കുകളൊന്നും ഇല്ല എന്നതാണ് സ്ഥിതി. പ്രളയ ദുരിതം ഏറെ അനുഭവപ്പെടുന്ന മേഖലയാണ് കോയിപ്രം പഞ്ചായത്തിന്റെ തീരപ്രദേശം.
കോയിപ്പുറം പാടശേഖരം, നെല്ലിക്കൽ പുഞ്ച, തൃക്കണ്ണപുരം പുഞ്ച, ചെമ്പിൻ ചിറ, ചാത്തൻ പാറ പാടശേഖരം, ആനി കണ്ടം, ആനക്കാട് ചെമ്പിൻ ചിറ എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പാടശേഖരങ്ങളാണ്. ഉദ്ദേശം 5 കി.മീറ്റർ നീളത്തിലും ഒന്നര കി.മീറ്റർ വീതിയിലും വ്യാപിച്ചു കിടന്ന ഈ പാടശേഖങ്ങളുടെ നല്ലൊരു ഭാഗവും നികത്തി വീടുകളും ഹൗസിങ് കോളനികളും ഉയർന്നതോടെ പല ഭാഗങ്ങളിലും പ്രളയജലം എത്താറില്ല. ആനിക്കണ്ടം ഏതാണ്ട് പൂർണമായി നികന്നുകഴിഞ്ഞു. ഇവിടെ നിരവധി പാർപ്പിട്ട മേഖലകളുണ്ട്.
കോയിപ്രത്ത് പ്രളയം ശക്തമാകാനുള്ള കാരണവും ഇതാണ്. ആറന്മുള, നീർവിളാക പുഞ്ചകളിൽനിന്നും മന്ദഗതിയിലാണ് വെള്ളം ഇറങ്ങുന്നത്. ആറാട്ടുപുഴക്കും നീർവിളാകത്തിനും മധ്യേ സ്ഥിതിചെയ്യുന്ന വിശാലമായ പുഞ്ചയാണ് പടിഞ്ഞാറൻ മേഖലയെ ഒരു പരിധി വരെ തീവ്ര പ്രളയത്തിൽനിന്നും കരകയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.