പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ പാടേ തുടച്ചുനീക്കുന്ന നിലയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിൽ നഷ്ടം നികത്തുന്നതടക്കം സംരക്ഷണമാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കിലോ മീറ്ററിന് 55 രൂപയാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സൗജന്യ യാത്രമൂലം ചില റൂട്ടുകളിൽ 50 ശതമാനം വരെ വരുമാനം നഷ്ടമുണ്ടാകുന്നു.
സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്നവരിൽ 60 ശതമാനത്തോളം സ്ത്രീ യാത്രക്കാരായിരുന്നു. സൗജന്യയാത്ര നിലവിൽ വന്നതിനുശേഷം ഇപ്പോൾ അഞ്ച് ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിലെ 80 ശതമാനം ബസുകൾക്കും പ്രവർത്തന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ ജില്ലയിലെ മിക്ക ബസുകളും സർവിസ് നിർത്തിവെക്കേണ്ടതായി വരും.
സ്വകാര്യ ബസുകളുടെ പ്രവർത്തന ചെലവിൽ സിംഹഭാഗവും വരുന്നത് ഡീസലിനാണ്. അതിനാകട്ടെ കഴിഞ്ഞ മാസം എട്ട് രൂപയുടെ വർധന ഉണ്ടായത് വഴി ദിനേന 500 രൂപയുടെ അധിക സാമ്പത്തിക ഭാരമാണ് ഉണ്ടായിട്ടുള്ളത്. തന്നെയുമല്ല ടയർ, റീഗ്രേഡിംഗ്, സ്പെയർ പാർട്സ്, ഓയിൽ, ഓയിൽ ഉൽപന്നങ്ങൾ എന്നിവക്കും വൻ വർധനയാണ് വന്നിട്ടുള്ളത്.
ഈ സാഹചര്യത്തിൽ കിലോ മീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ച് ബസ് സർക്കാർ ഏറ്റെടുക്കുക, ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും അവർക്കുള്ള വേതനം ഉടമ നൽകുകയും ചെയ്യുക, ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമതന്നെ വഹിക്കുക, വാഹനത്തിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയെ നിലനിർത്തുക, സാമ്പത്തിക വരുമാനം അടിസ്ഥാനമാക്കി താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കു മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാറിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ, ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ആർ. ഷാജി കുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.