ഏ​നാ​ത്ത് പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച ലൈ​ഫ് മി​ഷ​ൻ കെ​ട്ടി​ട സ​മു​ച്ച​യം

ലൈഫ് പദ്ധതി ഫ്ലാറ്റ് സമുച്ചയം നിർമാണം നിലച്ചിട്ട് അഞ്ച് വർഷം

കൊടുമൺ: ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് എം.ജി ജങ്ഷനിൽ ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാറിെന്‍റ ഫ്ലാറ്റ് സമുച്ചയ നിർമാണം മുടങ്ങിയിട്ട് അഞ്ച് വർഷത്തോളമാകുന്നു. ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുന്നതിനായി ആവിഷ്‍കരിച്ച പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.

2020 സെപ്റ്റംബർ 24ന് വിഡിയോ കോൺഫറൻസിലൂടെയാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയത്. അഹ്മദാബാദിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം തുടങ്ങിയത്. കരാർ ഏറ്റെടുത്ത് സമ്മതപത്രംവെച്ച് ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ‌.

എന്നാൽ കെട്ടിട സമുച്ചയം ഇതുവരെയും പൂർത്തിയായില്ല. 92 സെന്‍റ് വരുന്ന സ്ഥലത്ത് ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യയിൽ നാലു നിലകളുള്ള 28 ഫ്ലാറ്റ് അടങ്ങിയ രണ്ട് സമുച്ചയങ്ങളാണ് പണിയാൻ തീരുമാനിച്ചത്.

രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവ അടങ്ങുന്നതാണ് ഒരു കുടുംബത്തിന്‍റെ താമസകേന്ദ്രം. ഇതിൽ കെട്ടിട സമുച്ചയത്തിന്‍റെ അടിത്തറയിൽനിന്ന് നാലു നിലകളിൽ സ്‌റ്റീൽ ഉറപ്പിക്കുന്ന പണികൾ 50 ശതമാനത്തോളം പൂർത്തിയായ നിലയിലാണ്. മേൽക്കൂര സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വയറിങ്, ജല വിതരണ സംവിധാനം എന്നിവയും വിഭാവനം ചെയ്തിരുന്നു. രണ്ടാമത്തെ കെട്ടിട സമുച്ചയത്തിനായി അടിത്തറ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 7.27 കോടി രൂപ മുടക്കിയാണ് ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചത്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും കരാർ കമ്പനിയുടെ തർക്കങ്ങളും കാരണമാണ് പണികൾ നിലച്ചതെന്ന് പറയുന്നു. ഭവനരഹിതരായ 54 പാവപ്പെട്ട കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടത്.

നിർമാണം തുടങ്ങിയ ഭാഗങ്ങൾ ഇപ്പോൾ കാടുമൂടിക്കിടക്കയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമായി ഇവിടം മാറി. കോൺക്രീറ്റ് ചെയ്ത തറ ഇളകി വലിയ കുഴിയും രൂപംകൊണ്ടു. മഴയും വെയിലുമേറ്റ് നിർമാണം പൂർത്തിയായ ഭാഗങ്ങൾക്ക് നാശം നേരിട്ടുതുടങ്ങി. നിർമാണ സാമഗ്രികൾ തറയിൽ തുരുമ്പുപിടിച്ചും കിടപ്പുണ്ട്. രാത്രികാലത്ത് ഇവിടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണെന്നു നാട്ടുകാർ പറഞ്ഞു.

20 വർഷം മുമ്പ് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന സമയം എസ്.സി, എസ്.ടി വിഭാഗങ്ങൾക്കു വേണ്ടി വീടുവെക്കാൻ വേണ്ടി വാങ്ങിയ സ്ഥലമാണിത്. പാവപ്പെട്ട കുടുംബങ്ങൾക്ക് 5 സെൻറ് സ്ഥലം വീതം നൽകി വീട് നിർമിച്ച് നൽകാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, പിന്നീട് 2019ൽ എൽ.ഡി.എഫ് ഭരണസമിതി വന്നപ്പോൾ അവർ സ്ഥലം ലൈഫ് മിഷന് കൈമാറുകയായിരുന്നു. ഇവിടെ ഫ്ലാറ്റ് പണിയാനും പദ്ധതി തയാറാക്കി. ഫ്ലാറ്റ് നിർമിക്കരുതെന്നും സ്ഥലം നൽകി വീട് നിർമിക്കണമെന്നും അന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. ഫ്ലാറ്റ് നിർമാണ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയി. ഇപ്പോൾ യു.ഡി.എഫാണ് ഏഴംകുളം പഞ്ചായത്ത് ഭരിക്കുന്നത്. സ്ഥലം ലൈഫ് മിഷനിൽനിന്നും തിരികെ പഞ്ചായത്തിന് വിട്ടുനൽകണമെന്ന് പഞ്ചായത്ത് ഭരണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

പാവപ്പെട്ട ആളുകൾക്ക് സ്ഥലം വീതിച്ചുനൽകി അവിടെ വീട് നിർമിച്ചുനൽകണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബോയ് ജോസഫ് ആവശ്യപ്പെട്ടു. ഗ്രാമപ്രദേശത്ത് കഴിയുന്ന ആളുകൾ ഫ്ലാറ്റിൽ കഴിയാൻ ഇഷ്ടപ്പെടുന്നിെല്ലന്നും അവർക്ക് സ്ഥലം നൽകി വീട് നിർമിച്ചുനൽകുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാശാവസ്ഥയിലായ കെട്ടിട സമുച്ചയത്തിന്‍റെ സ്റ്റീൽ സാമഗ്രികൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിട ഭാഗങ്ങൾ അടർന്നു താഴെ വീഴാവുന്ന നിലയിലാണ്. കാറ്റും മഴയുമുള്ളപ്പോൾ ആളുകൾ ഭീതിയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - ലൈഫ് പദ്ധതി ഫ്ലാറ്റ് സമുച്ചയം നിർമാണം നിലച്ചിട്ട് അഞ്ച് വർഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.