ക​വി​ത​ക്കും മു​ത്ത​ശ്ശി ര​ക്കി​ക്കും ഭ​വ​നം നി​ർ​മി​ക്കാ​നാ​യി ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​വി​ത മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കവിതക്ക് കിടപ്പാടമൊരുക്കാൻ കൈകോർത്ത് നാട്

മാത്തൂർ: ജീവിതത്തിന്‍റെ താങ്ങും തണലുമായിരുന്ന പെറ്റമ്മയും കണ്ണടച്ചതോടെ തികച്ചും അനാഥയായ 13കാരി കവിതക്കും കൂട്ടായി ഒപ്പമുള്ള 90കാരി മുത്തശ്ശി രക്കിക്കും സുരക്ഷിതമായ കിടപ്പാടമൊരുക്കാൻ കൈകോർത്ത് നാട്. മാത്തൂർ യൂനിക് വാക്കേഴ്സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തിറങ്ങിയത്. കവിതയുടെ ഏക ആശ്രയമായിരുന്ന അമ്മ ദേവി ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് ഫെബ്രുവരി 18ന് മരിച്ചിരുന്നു. പിന്നീട് ഏക ആശ്രയം 90 വയസ്സായ മുത്തശ്ശി രക്കി മാത്രമായി. ദേവിക്ക് രോഗമായതോടെ വർഷങ്ങളായി പണിക്കൊന്നും പോകാനാവാതെ ഇവരുടെ കുടുംബം ദുരിതത്തിലായിരുന്നു. 90കാരിയായ രക്കിക്ക് കിട്ടുന്ന 1600 രൂപ ക്ഷേമ പെൻഷൻ കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തമായുള്ള രണ്ട് സെന്‍റ് ഭൂമിയിൽ പാതി തകർന്ന വീട്ടിലാണ് കുടുംബം കഴിയുന്നത്. ക്ലബ് പ്രവർത്തകരോടൊപ്പം നാട് മുഴുവൻ കൈകോർത്തതോടെ രണ്ട് മാസത്തിനകം സുരക്ഷിതമായ ഭവനമുൾപ്പെടെ സജ്ജീകരിക്കാനാകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കവിതയുടെ വീടിന്‍റെ പരിസരത്ത് ചേർന്ന യോഗം മാത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂനിക് വാക്കേഴ്‌സ് ക്ലബ് പ്രസിഡന്‍റ് പി.പി. ശ്യാമളൻ അധ‍്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. പ്രസാദ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം സോമദാസൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ ജി. ശിവരാജൻ, പി.വി. അബ്ദുൽ ഖാദർ, കേശവൻ (ബി.ജെ.പി), അരവിന്ദാക്ഷൻ (സി.എം.പി), മാത്തൂർ ഒന്ന് വില്ലേജ് ഓഫിസർ ബീന, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പ്രേമദാസൻ, പഞ്ചായത്ത് അംഗങ്ങളായ രമേശ്, ബബിത, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. പുഷ്പദാസൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - To provide a home for the kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.