ഒറ്റപ്പാലം: ജി.എസ്.ടി ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സ്കൂൾ സീസൺ വ്യാപാരം വ്യാപകമാകുന്നതായി പരാതി. സ്കൂളുകളിൽ നടത്തപ്പെടുന്ന ഇത്തരം അനധികൃത വ്യാപാരംമൂലം ചെറുകിട കച്ചവടക്കാർ കനത്ത സാമ്പത്തിക ബാധ്യതയിലാണെന്നും ഇതിനെതിരെ നിയമപരമായി നേരിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലും അർധ സർക്കാർ സ്ഥാപനങ്ങളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോട്ടുബുക്കുകളും പഠനോപകരണങ്ങളും സീസണിൽ വ്യാപകമായി സ്റ്റോക്ക് എത്തിക്കുകയും കുട്ടികളിലും രക്ഷിതാക്കളിലും നിർബന്ധം ചെലുത്തി വിൽപന നടത്തുന്നതും അനുദിനം വ്യാപിച്ചുവരികയാണ്.
യാതൊരു കണക്കിലുംപെടാതെ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഇത്തരം വിൽപനയിലൂടെ നേടിയെടുക്കുന്നത്.
ജി.എസ്.ടിയും മുനിസിപ്പൽ ലൈസൻസ് ഉൾപ്പടെ അനുബന്ധ ലൈസൻസുകൾ സമ്പാദിച്ച് വാടകയും നൽകി വ്യാപാര സ്ഥാപനം നടത്തുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം അനധികൃത സ്ഥാപനങ്ങൾ വരുത്തിവെക്കുന്നത്. കച്ചവടം നിർത്തിപോകേണ്ട സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിൽ വല്ലപ്പോഴും ലഭിക്കുന്ന സീസൺ വ്യാപാരത്തിലാണ് കച്ചവടക്കാരുടെ ഏകപ്രതീക്ഷ. വ്യാപാര സ്ഥാപനം പൂട്ടേണ്ടി വരുന്നതോടെ നിരവധിപേർക്ക് തൊഴിൽ നഷ്ടവും സ്വാഭാവികമാണ്. കെട്ടിക്കിടക്കുന്ന സാധനങ്ങൾ അടുത്ത വർഷം ഉപയോഗിക്കാനാവില്ലെന്നതും സാമ്പത്തിക ബാധ്യത കൂട്ടുന്നു.
ഈ സാഹചര്യത്തിൽ സ്കൂൾ സ്റ്റോർ എന്ന പേരിൽ നടത്തുന്ന അനധികൃത വ്യാപാരം അനുവദിക്കാനാവില്ലെന്നും താലൂക്കിലെ മുഴുവൻ സ്കൂളുകളിലും ഇത് സംബന്ധിച്ച അറിയിപ്പ് നൽകാനിരിക്കയാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പി.പി. അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് സലിം, ട്രഷറർ കെ.ടി. സുരേഷ് ബാബു, വർക്കിങ് പ്രസിഡൻറ് പി.വി. ബഷീർ, എം.വി. മുജീബ്, പി.എ. നൗഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.