കൊയ്ത്തുയന്ത്രം എത്തിയിട്ടും വിളവെടുപ്പിന് കാലതാമസം നേരിടുന്നു

പാലക്കാട്: ഇതരസംസ്ഥാനത്തുനിന്ന് കൊയ്ത്തുയന്ത്രവുമായി എത്തുന്ന തൊഴിലാളികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവാണെങ്കില്‍ തൊഴിലെടുക്കാമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് അവഗണിക്കുന്നു. ആൻറിജന്‍ പരിശോധനയിൽ നെഗറ്റിവായ തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നതിലും കാലതാമസം വരുത്തുന്നതായി ആക്ഷേപമുണ്ട്​. പരിശോധന പൂർത്തിയാക്കി, പത്ത് ദിവസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് കുത്തനൂര്‍, തേങ്കുറുശ്ശി എന്നിവടങ്ങളിലുള്ളവർ പറഞ്ഞു.

ഞായറാഴ്ച വരെ 116 കൊയ്ത്തുയന്ത്രങ്ങളാണ് ജില്ലയിലേക്ക് എത്തിയത്. തൊഴിലാളികൾ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ യന്ത്രങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ മഴ ശക്തമായതിനാൽ പലയിടത്തും നെൽചെടികൾ വീണ് വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. നെല്ല് വീണ് നശിക്കാതിരിക്കാന്‍ ഏതുവിധേനയും കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഓരോ സീസണിലും 1000ഓളം കൊയ്ത്തുയന്ത്രങ്ങളാണ് അതിർത്തി കടന്ന് എത്താറുള്ളത്. എന്നാൽ, കോവിഡ് 19 പെരുമാറ്റച്ചട്ടം ഉള്ളതിനാൽ വളരെ കുറച്ചുയന്ത്രങ്ങൾ മാത്രമാണ് എത്തുന്നത്.

തൊഴിലാളികളെ  പരിശോധനക്ക്​ വിധേയരാക്കണം

പാലക്കാട്​: കൊയ്ത്തുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാരുടെ ചെലവില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക്​ വിധേയരാക്കണം. സ്വകാര്യ ആശുപത്രികളിൽനിന്ന്​ ആൻറിജൻ ടെസ്​റ്റ്​ നടത്താം.

ഇത്തരത്തില്‍ രോഗമില്ലെന്ന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിനുപുറമെ, പൊലീസും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. 119 കൊയ്​ത്ത്​ യന്ത്രം മാത്രമാണ്​ ഇതുവരെ എത്തിയത്​. 500ഒാളം എണ്ണം ഇനിയും എത്താനുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.