പാലക്കാട്: എസ്.െഎ.ആറിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ജില്ലയിലെ 12 മണ്ഡലങ്ങളിലായി 21,41,276 പേരുൾപ്പെട്ടതായി ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 10,53,676 പുരുഷന്മാരും 10,87,582 സ്ത്രീകളും 18 ഭിന്നലിംഗക്കാരുമാണ് ഉൾപ്പെടുന്നത്. 10,730 പേർ ഭിന്നശേഷിക്കാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2002 ലെ അവസാന എസ്.ഐ.ആർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത 1,61,661 പേരുടെ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തതിനാൽ അവരുടെ പേര് കരട് പട്ടികയിൽ ഉൾപ്പെടുമെങ്കിലും കമീഷൻ നിർദേശാനുസരണം പ്രസ്തുത വോട്ടർമാരോ ബന്ധുക്കളോ 2002 നു മുമ്പ് എവിടെയായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ പരിശോധിക്കാൻ വിചാരണ നോട്ടീസ് അയക്കും.
കമ്മിഷൻ പറഞ്ഞ 13 വിവിധ രേഖകളിൽ ഏതെങ്കിലും ഒന്ന് ഫെബ്രുവരി 14 വരെ നടക്കുന്ന ഹിയറിങ് സമയത്ത് ഹിയറിങ്ങിനായുള്ള ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കിയാൽ അവരുടെ പേര് പട്ടികയിൽ നില നിർത്തും. പുതുതായി പേര് ചേർക്കാനും, തിരുത്തൽ വരുത്താനും, പേര് നീക്കം ചെയ്യാനും ജനുവരി 22 വരെ ലഭിക്കുന്ന അപേക്ഷകളിൽ ഫെബ്രുവരി 30 വരെ തിരുമാനമെടുക്കും.
ബി.എൽ.ഒ മാരുടെ വെരിഫിക്കേഷനിലൂടെ കണ്ടെത്തിയ 1,90,291 പേരുടെ വിവരങ്ങൾ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മരിച്ച 52,198 പേരും, സ്ഥിരമായി സ്ഥലത്തില്ലാത്തവരോ കണ്ടെത്താൻ കഴിയാത്തവരോ ആയ 55,147 പേരും, സ്ഥലം മാറിപ്പോയ 67,740 പേരും മറ്റൊരിടത്തെ പട്ടികയിലുണ്ടെന്ന് കണ്ടെത്തിയ 11,173 പേരും, മറ്റ് കാരണങ്ങളിൽ ഉൾപ്പെട്ട 4,033 പേരും ഉൾപ്പെടുന്നു.
ഇവരുടെ പേര് നീക്കം ചെയ്ത പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അർഹനായ വോട്ടറുടെ പേര് ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടാൽ, പേര് ചേർക്കാൻ അവർക്ക് ഫോം 6 ലൂടെ ഓൺലൈനായി ബന്ധപ്പെട്ട ഇ.ആർ.ഒക്ക് അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.