പ്രതീകാത്മക ചിത്രം

പുതുവത്സര പ്രതീക്ഷയിൽ ജില്ല

പാലക്കാട്: 21ാം നൂറ്റാണ്ടിന്‍റെ 25 വർഷം 2025 ഓടെ അവസാനിച്ചു. 2026ന്‍റെ പുലരിയിലേക്ക് ലോകം ചുവടുവച്ചു കഴിഞ്ഞു. പുതുവർഷത്തിൽ ജില്ലക്ക് നിരവധി പ്രതീക്ഷകളാണുള്ളത്. വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കാർഷിക, വ്യാവസായിക വളർച്ച, ടൂറിസം പ്രോത്സാഹനം, പുതിയ വികസന പദ്ധതികൾ, ജലസേചനം, ഗതാഗത സൗകര്യങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മുന്നേറ്റം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രതീക്ഷകളാണുള്ളത്.

കൂടാതെ ജില്ലയുടെ തനതായ ക്ഷേത്രോത്സവങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും പ്രാധാന്യം നൽകും. ഓരോ മേഖലയിലും ജില്ലയുടെ പ്രതീക്ഷകൾ പരിശോധിക്കാം. കാർഷിക ജില്ലയായ പാലക്കാട്ട് നെല്ല് സംഭരണം എന്നും തലവേദനയാണ്. ഈ വർഷമെങ്കിലും അതിനൊരു മാറ്റം കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയുടെ വികസന പ്രതീക്ഷകൾ പരിശോധിക്കാം.

കാർഷിക മേഖല

കാർഷിക ജില്ലയായ പാലക്കാടിന് സമഗ്രമായ പാക്കേജ് വേണമെന്ന് എല്ലാ ബജറ്റിലും ആവശ്യമുയരാറുണ്ട്. നെല്ല് സംഭരണത്തിന് പ്രഖ്യാപനങ്ങൾ മാത്രമാണ് എല്ലാ വർഷവും ഉണ്ടാകുന്നത്. ഇത്തവണ എല്ലാ തടസങ്ങളും മറികടന്ന് സൗകര്യപൂർവമായ സംഭരണം നടത്താൻ സർക്കാർ ‍തയാറാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നെൽ കൃഷിക്ക് പുറമേ വന്യമൃഗശല്യം നേരിടുന്ന മറ്റ് കൃഷിക്കാരും വിഷയത്തിൽ ശാശ്വത പരിഹാരം തേടുന്നുണ്ട്. കാർഷിക ഉൽപാദനം വർധിപ്പിക്കുക, കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുക, ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയും ജില്ലയുടെ പ്രതീക്ഷകളാണ്.

വ്യവസായം

ജില്ലയും സംസ്ഥാനവും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് വ്യവസായം. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി തുടങ്ങി കോടികളുടെ നിക്ഷേപമുള്ള വികസനപദ്ധതികളാണ് ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ ഏകദേശം പൂർത്തിയായ പദ്ധതികൾ പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുകയാണ്. തദ്ദേശീയർ ഉൾപ്പെടെ നിരവധി പേർക്ക് ജോലി സാധ്യതക്ക് പുറമേ ഒരു പ്രദേശത്തിന്‍റെയാകെ വികസനത്തിനും ഈ പദ്ധതികൾ കാരണമാകും. പുതിയ വ്യവസായങ്ങൾ വരുന്നത് വഴി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നത് കൂടുതൽ യുവാക്കൾക്ക് ഗുണകരമാകും.

വിദ്യാഭ്യാസം-ആരോഗ്യം

വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് ജില്ല എപ്പോഴും മുന്നിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതോടെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും. നിത്യവും ആയിരത്തിലധികം രോഗികൾ വരുന്ന ജില്ല ആശുപത്രിയിലെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുന്ന പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നതോടെ കിടിത്തിചികിത്സക്ക് കൂടുതൽ സൗകര്യം ലഭിക്കും.

ഗവ. മെഡിക്കൽ കോളജും ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ മേഖലയിലും ജില്ല ഒട്ടും പുറകിലല്ല. ശാസ്ത്രോത്സവം, കായികമേള, കലോത്സവം എന്നിവയിൽ ജില്ല എപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. പാലക്കാട് ഐ.ഐ.ടിയിൽനിന്നും ജില്ലയുടെ വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ സംഭാവനകളും പ്രതീക്ഷിക്കുന്നു.

വിനോദസഞ്ചാരം

കുറച്ചുകാലങ്ങളായി വിനോദസഞ്ചാര മേഖലയിൽ ജില്ല വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ഭൂപ്രകൃതിയും പ്രകൃതിരമണീയതയും ക്ഷേത്രങ്ങളും ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക വഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ജില്ലയുടെ വരുമാനം വർധിപ്പിക്കും. ഈ മേഖല ആശ്രയിച്ച് കഴിയുന്നവർക്കും പ്രയോജനപ്രദമാകും.

കൊല്ലങ്കോട്, സീതാർകുണ്ട്, നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി, അട്ടപ്പാടി തുടങ്ങി പാലക്കാടിന്‍റെ ഗ്രാമീണ-മലയോര ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് ജില്ലയിലെത്തുന്നത്. കേരളത്തിന്‍റെ ഉദ്യാനറാണിയായ മലമ്പുഴയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി കൊണ്ടിരിക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത് സഞ്ചാരികളെ ആകർഷിക്കും. ടിപ്പുസുൽത്താൻ കോട്ടയുടെ ചുറ്റുമുള്ള നടപ്പാത നവീകരിച്ചതോടെ നിരവധി പേരാണ് രാവിലെയും വെെകീട്ടുമായി നടക്കാനെത്തുന്നത്. കോട്ടമെെതാനം കേന്ദ്രീകരിച്ച് നഗരസഭ വലിയൊരു വികസന പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അതും ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന സൗകര്യ വികസനം

മെച്ചപ്പെട്ട റോഡുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, കുടിവെള്ളം, ശുചിത്വം, വീട്, കൂടുതൽ തൊഴിലുകൾ എന്നീ അടിസ്ഥാന സൗകര്യ വികസനങ്ങളും ജില്ല പ്രതീക്ഷിക്കുന്നു. ഗ്രീൻഫീൽഡ് ഹെെവേ, അകത്തേത്തറ-നടക്കാവ് മേൽപാലം, വല്ലപ്പുഴ, വാണിയംകുളം പാലങ്ങൾ എന്നിവ ഈ വർഷം പൂർത്തീകരണം പ്രതീക്ഷിക്കുന്ന പദ്ധതികളാണ്. കൂടാതെ വാളയാർ-വടക്കഞ്ചേരി ദേശീയപാത വികസനവും പ്രതീക്ഷിക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സി 2025ൽ രണ്ട് സർവീസുകൾ പുതുതായി ആരംഭിച്ചു. ചെർപ്പുളശ്ശേരി റോഡ് വികസനം പൂർത്തിയായതിനാൽ പാലക്കാട് നിന്നും ചെർപ്പുളശ്ശേരി വഴി കോഴിക്കോട്ടേക്ക് ടൗൺ ടു ടൗൺ ബസ് കൂടുതൽ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞവർഷം ബജറ്റ് ടൂറിസത്തിന് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ വർഷത്തിലും കൂടുതൽ യാത്രകൾ പ്രതീക്ഷിക്കുന്നുണ്ട്.

സാംസ്കാരികം, ഉത്സവങ്ങൾ

വേലകൾക്കും പൂരങ്ങൾക്കും പേര് കേട്ട നാടാണ് പാലക്കാട്. നെന്മാറ വേല, കാവശ്ശേരി പൂരം, ചിനക്കത്തൂർ പൂരം, കൽപാത്തി രഥോത്സവം തുടങ്ങി പ്രശസ്തമായ നിരവധി ഉത്സവങ്ങൾ ജില്ലയിലുണ്ട്. തനത് ക്ഷേത്രോത്സവങ്ങളുമുണ്ട്. ഇവക്കെല്ലാം കൂടുതൽ പ്രാധാന്യം നൽകി സന്ദർശകരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഇത്തവണ പ്രതീക്ഷയാണ്. സാംസ്കാരിക പരിപാടികളും കൂടുതൽ സംഘടിപ്പിക്കുക വഴി പാലക്കാടിന്‍റെ തനത് സംസ്കാരം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - District in anticipation of the New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.