ഒറ്റപ്പാലം: താലൂക്ക് ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനത്തിന്റെ സുഗമ പ്രവർത്തനത്തിന് ജനറേറ്റർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതി ഇല്ലാത്ത ഘട്ടങ്ങളിൽ ലിഫ്റ്റിന്റെ പ്രവർത്തനം താളം തെറ്റുന്നത് പതിവായത് ഒഴിവാക്കാൻ ജനറേറ്റർ അത്യന്താപേക്ഷിതമെന്നതിനാലാണ് ആവശ്യം ഉയരുന്നത്. ഏതാനും ദിവസം മുമ്പ് വൈദ്യുതി തടസ്സപ്പെടുകയും സാമൂഹിക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ ലിഫ്റ്റിൽ കുടുങ്ങി കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.
വൈദ്യുതി വിതരണം ഉടൻ പുനഃസ്ഥാപിച്ചതാണ് അന്ന് ഇവർക്ക് പുറത്ത് കടക്കാൻ സഹായകമായത്. പിന്നീട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്ന് നിലകളുള്ള കണ്ണിയംപുറത്തെ കെട്ടിടത്തിൽ 14 സർക്കാർ ഓഫിസുകളാണ് പ്രവർത്തിച്ചുവരുന്നത്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉൾപ്പടെ നൂറുക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ലിഫ്റ്റിലെ സുരക്ഷിതത്വം സുപ്രധാനമെന്ന നിലയിൽ അടിയന്തരമായി ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും ഉന്നയിച്ചിരുന്നു.
വൈദ്യുതി തടസ്സം നിത്യസംഭവമായ സാഹചര്യത്തിൽ ബദൽ സംവിധാനമില്ലാത്ത കാരണത്താൽ ട്രഷറി ഉൾപ്പെടെയുള്ള ഓഫിസുകളുടെ പ്രവർത്തനവും സ്തംഭനാവസ്ഥയിലാകുന്നത് പതിവാണ്. പതിറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ അക്കാലത്ത് സ്ഥാപിച്ച ലിഫ്റ്റ് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പ്രവർത്തനം തുടങ്ങിയത്.
2015 ഏപ്രിൽ 10 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം. രണ്ട് നിലക്ക് മാത്രം അനുമതിയുണ്ടെന്നിരിക്കെ മൂന്നുനില കെട്ടിടം നിർമിച്ചതായിരുന്നു ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ പ്രതികൂലാവസ്ഥ സൃഷ്ടിച്ചത്. അനിശ്ചിതമായി ലിഫ്റ്റ് പ്രവർത്തനം നീണ്ട സാഹചര്യത്തിൽ അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ മുൻകൈയെടുത്ത് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ അനുകൂലാവസ്ഥ നേടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.