മംഗലം ഡാം: പത്തു വർഷത്തിനിടെ പത്തു കോടിയോളം രൂപ ചിലവഴിച്ചിട്ടും മംഗലംഡാം ടൂറിസം പദ്ധതികൾ ലക്ഷ്യം കാണാത്തത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയാവുന്നു. പ്രകൃതിരമണീയമായ മംഗലംഡാമിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന വാഗ്ദാനങ്ങൾ വെറും ജലരേഖയാകുന്ന കാഴ്ചയാണ് നിലവിലുള്ളത്.
വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണപക്ഷത്തിന് മുന്നിൽ, പാതിവഴിയിലായ പദ്ധതികളും പാഴായ കോടികളും പ്രതിപക്ഷം ശക്തമായ ആയുധമാക്കുകയാണ്.
2020ൽ നാലര കോടിയിലധികം രൂപ ചിലവഴിച്ച് ഉദ്ഘാടനം ചെയ്ത അഡ്വഞ്ചർ പാർക്കും കിഡ്സ് പാർക്കും തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്. റോപ്പ് വേ, ബാലൻസിങ് ബ്രിഡ്ജ് തുടങ്ങിയ ആകർഷകമായ പദ്ധതികൾ ഫയലുകളിൽ ഒതുങ്ങിയപ്പോൾ, വിനോദസഞ്ചാരികളെ വരവേൽക്കേണ്ട പാർക്കുകളിൽ ഇന്ന് കാട്ടുപന്നികളും പൊന്തക്കാടുകളുമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ടൂറിസത്തിന് പുറമെ പ്രദേശവാസികളുടെ സ്വപ്നമായ കുടിവെള്ള പദ്ധതിയും മുടന്തി നീങ്ങുകയാണ്. റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ ഇട്ടതല്ലാതെ, വീടുകളിലെ ടാപ്പുകളിൽ വെള്ളമെത്താത്തത് ജനരോഷം വർധിപ്പിക്കുന്നു.
ആസൂത്രണമില്ലാത്ത ഫണ്ട് വിനിയോഗമാണ് മംഗലംഡാമിനെ ഈ അവസ്ഥയിലാക്കിയതെന്ന് യു.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു. മലയോര മേഖലയിലെ ഈ വികസന മുരടിപ്പ് വോട്ടായി മാറ്റാനാണ് പ്രതിപക്ഷ ക്യാമ്പിന്റെ നീക്കം. ഭരണപക്ഷത്തിന്റെ പരാജയം ജനങ്ങളിലെത്തിക്കാൻ വീടുവീടാന്തരമുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കണക്കിലെ കളികൾക്കപ്പുറം, മംഗലംഡാമിന് ശാശ്വതമായ പുരോഗതി എന്നുണ്ടാകുമെന്ന വോട്ടർമാരുടെ ചോദ്യം വരാനിരിക്കുന്ന ജനവിധിയിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.