പുസ്തക വണ്ടിയുമായി അജേഷ് മാസ്റ്റർ
കോട്ടായി: എട്ടിലധികം തവണ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയകൾക്കും കഠിനമായ റേഡിയേഷൻ ചികിത്സകൾക്കും വിധേയനായിട്ടും രോഗത്തോട് പോരാടി ജയിച്ച്, പുസ്തകവണ്ടി എന്ന സഞ്ചരിക്കുന്ന ലൈബ്രറിയിലൂടെ അറിവിന്റെ വെളിച്ചം വിതറുന്ന കോട്ടായി ജി.എച്ച്.എസ്.എസ് സ്കൂളിലെ യു.പി.എസ്.ടി അധ്യാപകൻ കെ.എ. അജേഷിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് കടുത്ത അനീതി കാണിക്കുന്നതായി പരാതി.
മികച്ച ഭിന്നശേഷി ഗവ. ജീവനക്കാരനുള്ള സംസ്ഥാന പുരസ്കാര ജേതാവ് കൂടിയായ ഈ അധ്യാപകന്റെ ശമ്പള സംരക്ഷണം ചട്ടവിരുദ്ധമായി വെട്ടിക്കുറച്ചതിനൊപ്പം ഇതുവരെ കൈപ്പറ്റിയ ശമ്പളത്തിൽ നിന്ന് 4.66 ലക്ഷം രൂപ അടിയന്തിരമായി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരിക്കുകയുമാണ്.
തുല്യ തസ്തികകളെ തെറ്റായി വ്യാഖ്യാനിച്ച് 2009 മുതൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിരുന്ന അജേഷ്, 2020 ഫെബ്രുവരിയിലാണ് പി.എസ്.സി വഴി നേരിട്ടുള്ള നിയമനത്തിലൂടെ യു.പി.എസ്.ടി ആയി നിയമിതനാകുന്നത്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം എൽ.ടി.എ , യു.പി.എസ്.ടി തസ്തികകളുടെ അടിസ്ഥാന എൻട്രി ശമ്പള സ്കെയിലുകൾ തുല്യമാണ്. എന്നാൽ, മുൻ സർവിസിൽ ലഭിച്ച സമയബന്ധിത ഹയർ ഗ്രേഡ് ആനുകൂല്യത്തെ തെറ്റായി വ്യാഖ്യാനിച്ച്, ഇത് ഉയർന്ന തസ്തികയിൽ നിന്ന് താഴ്ന്ന തസ്തികയിലേക്കുള്ള നിയമനമാണെന്ന് ഓഡിറ്റ് വിഭാഗം വാദിക്കുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ മുൻ സർവിസിലെ ഗ്രേഡ് ആനുകൂല്യം ഉപേക്ഷിക്കാമെന്ന് അജേഷ് എഴുതി നൽകിയിട്ടും വിദ്യാഭ്യാസ വകുപ്പ് അത് നിഷേധിക്കുകയായിരുന്നു.
45 ശതമാനം ഭിന്നശേഷിയുള്ള ആളാണ് ഈ അധ്യാപകൻ. വോയ്‌സ് ആംപ്ലിഫയർ ഉപയോഗിച്ചാണ് ക്ലാസെടുക്കുന്നത്. അർഹതപ്പെട്ട ശമ്പള സംരക്ഷണം നിഷേധിച്ചതിന് പുറമെ കഴിഞ്ഞ ആറു വർഷമായി ഇദ്ദേഹത്തിന്റെ പ്രബേഷൻ പ്രഖ്യാപനവും അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. ജീവൻരക്ഷാ മരുന്നുകൾക്കും ഭവനവായ്പ തിരിച്ചടവിനും പണമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് അധ്യാപകൻ.
നടപടിക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ തയാറെടുക്കുകയാണ് അജേഷ്. അജേഷിനോട് സ്വന്തം വകുപ്പ് കാണിക്കുന്ന ക്രൂരതക്കെതിരെ അധ്യാപക സംഘടനകളും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.