കുടുംബം സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയപ്പോൾ 

വാണിയംകുളത്തുനിന്ന് കാണാതായ കുടുംബം സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ

ഒറ്റപ്പാലം: വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബ സഞ്ചരിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാഹനം കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം പുലർച്ചെ കണ്ടെത്തിയത്. വാണിയംകുളം ‘കൃഷ്ണ കൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതായത്. പുലർച്ചെ പിക്കപ്പ് വാഹനത്തിൽ ഇവരുടെ വീട്ടിൽനിന്നും പോകുന്നതിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത അയൽ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ വാഹനം ചെർപ്പുളശ്ശേരി വഴി മലപ്പുറത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടരന്വേഷങ്ങൾക്കിടയിലാണ് വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിക്കപ്പ് കണ്ടെത്തിയത്. ഇവരുടെ രണ്ട് വാഹനങ്ങളിൽ ഒന്നാണിത്. ഒരെണ്ണം വീട്ടിൽ നിർത്തിയിട്ടിരിക്കുകയാണ്. ഷൊർണൂർ പൊലീസിന്റെയും വഴിക്കടവ് പൊലീസിന്റെയും നേതൃത്വത്തിൽ വാഹനം കണ്ടെത്തിയ പ്രദേശത്ത് വ്യാപക പരിശോധന നടത്തിവരികയാണ്.

ബന്ധുവീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതായാണ് ഇവർ അയൽക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ, അന്വേഷണത്തിൽ ബന്ധുവീടുകളിൽ ഇത്തരം യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായതോടെയാണ് ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകിയത്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ കാണിക്കുന്നത് വീടിന് സമീപം തന്നെയാണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം സ്വമേധയാ കുടുംബം മറ്റെവിടേക്കെങ്കിലും മാറിനിൽക്കുകയോ അതല്ല മറ്റു സാഹചര്യങ്ങളാണോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Tags:    
News Summary - The vehicle believed to have been used by the missing family from Vaniyamkulam was found abandoned at a roadside stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.