അപകട പാതയായി ദേശീയപാത; സൂചനാ ബോര്‍ഡുകളില്ലാത്തത് അപകടത്തിന് കാരണമാക്കുന്നു

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ചിറക്കല്‍പ്പടി മുതല്‍ നാട്ടുകല്‍വരെയുള്ള ഭാഗത്താണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.

സ്ഥിരം അപകടമേഖലയായ ഭാഗങ്ങളില്‍ കാര്യക്ഷമമായ സൂചനാബോര്‍ഡുകളും മറ്റുമില്ലാത്തതും അപകടത്തിന് വഴിവെക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെയുള്ള ഏഴുദിവസങ്ങള്‍ക്കിടെ മാത്രം മൂന്ന് അപകടങ്ങളാണുണ്ടായത്. ഇതില്‍, നാട്ടുകല്‍ 53ാംമൈലില്‍ മണലുംപുറത്ത് ഗുഡ്‌സ് ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഫഹദ് എന്ന യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് പട്ടണത്തില്‍ നെല്ലിപ്പുഴ ഭാഗത്ത് ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ തെന്നിവീണതിനെ തുടര്‍ന്ന് തെറിച്ചുവീണ തെങ്കര സ്വദേശി ബസിന്റെ അടിഭാഗത്ത് തട്ടി മരിച്ചു.

കോളജ് വിദ്യാര്‍ഥിയായ സല്‍മാനുല്‍ ഫാരിസാണ് മരിച്ചത്. ആശുപത്രിപ്പടി ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഗൃഹനാഥയും ബസിടിച്ചു മരിച്ചു. തെങ്കര സ്വദേശിനി രാധയാണ് മരിച്ചത്. അപകടസമയങ്ങളിലെല്ലാം ശക്തമായ മഴയുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വട്ടമ്പലം അരിയൂര്‍ ഇറക്കത്തില്‍ രണ്ടു ബസുകളും ഒരു ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ ഏഴുപേര്‍ക്കും പരിക്കേറ്റിരുന്നു. ഭാഗ്യവശാലാണ് വലിയ ദുരന്തത്തില്‍ കലാശിക്കാതിരുന്നത്. ചിറക്കല്‍പ്പടി ചൂരിയോട് പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേല്‍ക്കുകയുമുണ്ടായി.

ദേശീയപാതയില്‍ ചൂരിയോട് പാലവും കൊറ്റിയോട് ഭാഗവും മണ്ണാർക്കാട് പട്ടണത്തില്‍ ആശുപത്രിപ്പടിഭാഗവും സ്ഥിരം അപകടമേഖലയാണ്. ഇതിനുപുറമെ, കല്ലടികോളേജ്-ചുങ്കം ഭാഗം, അരിയൂര്‍, കൊമ്പം-കൊടക്കാട് ഭാഗം, നാട്ടുകല്‍ പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലും അപകടങ്ങള്‍ വര്‍ധിക്കുന്നു. സുഗമമായ റോഡില്‍ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുംതന്നെയാണ് അപകടത്തിന് ആക്കംകൂട്ടുന്നത്. അതേസമയം, ഈ ഭാഗങ്ങളിലെല്ലാം ഡിവൈഡറുകളോ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ല. ചൂരിയോട് പാലത്തില്‍ വഴിവിളക്കുകളില്ലാത്തതിനാല്‍ പാലം ഇരുട്ടിലാണ്. കൊറ്റിയോടും കരിങ്കല്ലത്താണിയിലും വളവും ഇറക്കവുമാണ് പ്രശ്‌നം. ചുങ്കം, അരിയൂര്‍ ഭാഗത്തും രണ്ടുവശവും റോഡ് ഇറക്കവുമാണ്. മഴസമയത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണംകിട്ടാത്തതിനാലും അപകടങ്ങളുണ്ടാകുന്നു.

Tags:    
News Summary - National Highways are a dangerous road; Lack of effective signboards leads to accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.