ടി.എം. ശശി എം.എൽ.എയുടെ നേതൃത്വത്തിൽ പാലക്കുഴി വനത്തിലൂടെയുള്ള സാഹസിക യാത്ര
വടക്കഞ്ചേരി: കിഴക്കഞ്ചേരിയുടെ മലയോര സൗന്ദര്യം ലോകത്തിന് മുന്നിലെത്തിക്കാനും പ്രദേശത്തെ ടൂറിസം ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതികൾക്ക് തുടക്കമായി. പാലക്കുഴി മലനിരകളിൽ നിന്ന് മംഗലംഡാമിലേക്ക് പുതിയ റോഡ് യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടി.എം. ശശി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം വനമേഖലയിൽ എത്തി സർവേ നടത്തി.
പാലക്കുഴി പി.സി.എയിൽ നിന്നാരംഭിച്ച് അഞ്ചര കിലോമീറ്റർ കൊടുംവനത്തിലൂടെ സഞ്ചരിച്ചാണ് സംഘം മംഗലംഡാം വി.ആർ.ടിയിൽ എത്തിയത്. യാത്രാസൗകര്യങ്ങൾ കുറഞ്ഞ ഈ മലയോര മേഖലയെ ബന്ധിപ്പിച്ച് പുതിയ റോഡ് വരുന്നതോടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി മേഖലകളിൽ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ പി.സി.എയിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരം ഓഫ് റോഡ് ജിപ്പ് യാത്രയായിരുന്നു. തുടർന്ന് കരിങ്കയം വി.ആർ.ടി ലക്ഷ്യമാക്കി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനത്തിലൂടെ മൂന്ന് കിലോമീറ്ററോളം ദൂരം കാൽനട യാത്ര. വനംവകുപ്പ് അധികൃതരുടെ കർശന സുരക്ഷാ അകമ്പടിയോടെയായിരുന്നു യാത്ര. പി.സി.എയിൽ നിന്ന് തുടങ്ങി നന്നങ്ങാടി പാറ, പോത്തുമട, നാരകതണ്ട് വഴി ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ദുർഘട പാതയിലൂടെയായിരുന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘത്തിന്റെ സാഹസിക യാത്ര.
പാലക്കുഴി-മംഗലംഡാം മേഖലയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് വിശദമായി പഠിച്ച് വനംവകുപ്പുമായി ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് ടി.എം. ശശി എം.എൽ.എ പറഞ്ഞു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ. സുബൈർ, എസ്. അനിൽകുമാർ, ഷിബിനാസ്, ഷെരീഫ്, പോപ്പി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.