പാലക്കാട്: സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെ മറികടന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്വകാര്യ പ്രസാധകൻ വഴി അച്ചടിച്ച പുസ്തകം അടിച്ചേൽപിക്കുന്നുവെന്ന് ആരോപണം. സംസ്ഥാനത്ത് നടപ്പാക്കിവരുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൽ (എം.ഡി.സി) ‘കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും’ ഉൾപ്പെടുത്തിയ ‘കേരളം പഠനം’ എന്ന ഭാഗം ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേന്ദ്രീകൃത സിലബസ് തയാറാക്കി സ്വകാര്യ പ്രസാധകൻ മുഖേന അച്ചടിച്ച് സർവകലാശാലകളിൽ വിതരണം ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കടന്നുകയറ്റത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുള്ളത്. സർവകലാശാലകളിൽ കോഴ്സിന്റെ സിലബസ് തയാറാക്കാൻ ചുമതലപ്പെടുത്തിയ ബോർഡ് ഓഫ് സ്റ്റഡീസും അത് പരിശോധിച്ച് അംഗീകരിക്കാൻ അക്കാദമിക് കൗൺസിലുമുണ്ട്.
ബോർഡ് ഓഫ് സ്റ്റഡീസിന് പരിഗണിക്കാനാവുന്ന ഒരു നിർദേശമായിട്ടല്ല, മറിച്ച് ആധികാരികമായ ഉത്തരവായി പുസ്തകം അടിച്ചേൽപിക്കുകയായിരുന്നെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളുടെ ആരോപണം.
എല്ലാ സർവകലാശാലകളും നാലു വർഷ ബിരുദ പരിപാടിയുടെ സിലബസ് ഉൾപ്പെടെ നേരത്തേ തയാറാക്കിയിട്ടുണ്ട്. ഈ സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങളെ തള്ളിക്കളയാനും കൗൺസിൽ പറയുന്ന പുസ്തകമാണ് പഠിപ്പിക്കണമെന്നും നിർദേശിച്ച് അധ്യാപകർക്ക് പരിശീലനം നൽകുകയാണ് നിലവിലെ കൗൺസിൽ.
ഈ പ്രവർത്തനം സർവകലാശാലകളെ അക്കാദമികമായി മോശമായി ചിത്രീകരിക്കാനും അവഹേളിക്കാനും മാത്രമേ ഉപകരിക്കൂ. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഇപ്രകാരം ഒരു നിർദേശമുണ്ടായിരുന്നെങ്കിൽ സിലബസ് തയാറാക്കുന്നതിനുമുമ്പ് ബോർഡ് ഓഫ് സ്റ്റഡീസിന്റെ പരിഗണനക്ക് നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്.
സർവകലാശാലകളെ നോക്കുകുത്തികളാക്കി, മാറിമാറി വരുന്ന സർക്കാറുകൾക്ക് അവരവരുടെ രാഷ്ടീയ അജണ്ട നടപ്പാക്കാവുന്ന സ്ഥിതി വരുത്തിവെക്കുന്ന ഒരു തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ കൈക്കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായ്, ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ എന്നിവർ അറിയിച്ചു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തിൽ നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.