മാത്തൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം കാടുമൂടിയ നിലയിൽ
മാത്തൂർ: മാത്തൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണം കാത്ത് കായികപ്രേമികൾ. ഷാഫി പറമ്പിൽ എം.എൽ.എ ആയിരിക്കെ കിഫ്ബിയിൽനിന്ന് 99 ലക്ഷം രൂപ അനുവദിച്ച് അഞ്ചു വർഷം മുമ്പ് പണി തുടങ്ങിയതാണ്. കോട്ടായി-കുഴൽമന്ദം പ്രധാന പാതയോരത്ത് മാത്തൂർ പഞ്ചായത്ത് ഓഫിസിന് സമീപം മലമ്പുഴ കനാൽ പുറമ്പോക്ക് സ്ഥലത്ത് പണിയുന്ന മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് പകുതിപോലും പൂർത്തീകരിക്കാതെ കിടക്കുന്നത്.
നിർദ്ദിഷ്ട സ്റ്റേഡിയത്തിൽ നിർമാണം നടത്തിയ കെട്ടിടവും അനുബന്ധ കാര്യങ്ങളും കാടുമൂടി. പണി പൂർത്തീകരിക്കാത്ത പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണക്കാരായ കോൺഗ്രസിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷമായ സി.പി.എം നീക്കം.
എന്നാൽ, തണ്ണീരങ്കാട് എൽ.പി സ്കൂൾ കെട്ടിടത്തിന്റെ നിർമാണ കരാറുകാരൻ തന്നെയാണ് മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളതെന്നും സ്കൂൾ കെട്ടിടം പണി അടുത്ത ആഴ്ച തീരുമെന്നും അതിനുശേഷം സ്റ്റേഡിയ നിർമാണം തുടങ്ങുമെന്നും മാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് പറഞ്ഞു. സ്റ്റേഡിയം പൂർത്തിയായാൽ കായികരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന മാത്തൂരിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പരിശീലനത്തിന് ഏറെ ഉപകാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.