ഗ്രീൻഫീൽഡ്​ ഹൈ​വേ: സർവേ പത്തിന്​ ആരംഭിക്കും

ആശങ്ക ശക്​തം പാലക്കാട്​: കോഴിക്കോട്​-പാലക്കാട്​ ഗ്രീൻഫീൽഡ്​ ഹൈ​വേക്കായി ജില്ലയിൽ ഏറ്റെടുക്കുന്നത്​ 277.48 ഹെക്ടർ ഭൂമി. സ്ഥലമേറ്റെടുപ്പിനുള്ള ജില്ലയിലെ ഫീൽഡ്​ സർവേ ബുധനാഴ്ച ആരംഭിക്കും. മരുത റോഡിൽനിന്നാണ്​ സർവേ​ തുടങ്ങുക. ഇതിന്​ മുന്നോടിയായി തിങ്കളാഴ്ച റവന്യു-ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം പാലക്കാട്​ ചേരും. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നതിന്‍റെ ആശങ്ക പൊതുജനങ്ങൾക്കിടയിൽ ശക്​തമാണ്​. എതിർപ്പില്ലാതെ സർ​വേ പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെ സഹകരണം അഭ്യർഥിച്ചിരിക്കുകയാണ്​ അധികൃതർ. ജില്ലയിലെ 22 വില്ലേജുകളിലൂടെ 61.44 കിലോമീറ്റർ ദൈർഘ്യത്തിലാണ്​ നിർദിഷ്ട പാത കടന്നുപോകുന്നത്​. മണ്ണാർക്കാട്​ താലൂക്കിലെ ​13 വില്ലേജുകളും പാലക്കാട്​ താലൂക്കിലെ ഒമ്പത്​ വില്ലേജുകളും ഇതിലുൾപ്പെടും. പാലക്കാട്​ താലൂക്കിലെ മരുത റോഡ്​ മുതൽ മണ്ണാർക്കാട്​ താലൂക്കിലെ അലനല്ലൂർ എടത്തനാട്ടുകര വരെയാണിത്​. മരുത റോഡ്​, മലമ്പുഴ (ഒന്ന്​, രണ്ട്​), പാലക്കാട്​-രണ്ട്​, അകത്തേത്തറ, പുതുപ്പരിയാരം (ഒന്ന്​, രണ്ട്​), മുണ്ടൂർ (ഒന്ന്​, രണ്ട്​) എന്നിങ്ങനെ പാലക്കാട്​ താലൂക്കിലും കരിമ്പ (ഒന്ന്​, രണ്ട്​), കാരാകുർശ്ശി, തച്ചമ്പാറ, പാലക്കയം, പൊറ്റശ്ശേരി, മണ്ണാർക്കാട്​ (ഒന്ന്​, രണ്ട്​), പയ്യനെടം, കോട്ടോപ്പാടം (ഒന്ന്​, രണ്ട്​, മൂന്ന്​), അലനല്ലൂർ (മൂന്ന്) എന്നീ വില്ലേജുകൾ മണ്ണാർക്കാട്​ താലൂക്കിലും ഉൾപ്പെടുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്​ ആശങ്ക അറിയിച്ച്​ 3900 സ്ഥലമുടമകളാണ്​ പാലക്കാട്​ എൻ.എച്ച്​ സ്ഥലമെടുപ്പ്​ വിഭാഗം ഡെപ്യൂട്ടി കലക്ടറെ സമീപിച്ചത്​. മണ്ണാർക്കാട്​ താലൂക്കിൽനിന്ന്​ 3100ലേറെയും പാലക്കാട്​ താലൂക്കിൽനിന്ന് 750ഓളം പരാതികളുമാണ്​ ലഭിച്ചത്​. ഡ്രോൺ സർവേയുടെയും ഗൂഗ്ൾ എർത്ത്​ മാപ്പിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ റോഡ്​ അലൈൻമെന്‍റിൽ വ്യക്​തതയില്ലെന്ന്​ സ്ഥലമുടമകൾ പറയുന്നു. പാത കടന്നുപോകുന്ന സർവേ നമ്പർ അറിയാമെങ്കിലും കൃത്യമായ സ്ഥലരേഖ ലഭ്യമല്ലെന്നും ഉടമകൾക്ക്​ പരാതിയുണ്ട്​. സ്ഥലംവിട്ടുകൊടുക്കാൻ തയാറായവർക്ക്​ എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നതിലും വ്യക്​തതയില്ല. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി പാത നിർമിക്കണമെന്നും അലൈൻമെന്‍റിൽ മാറ്റം വേണമെന്നുമാണ്​ ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നത്​. വീട്​ നഷ്ടപ്പെടുന്നവർക്ക്​ പകരം വീട്​ നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. പാലക്കാട്​ താലൂക്കിലെ ഒമ്പതും മണ്ണാർക്കാട്​ താലൂക്കിലെ ആറും വില്ലേജുകളിലെ ഹിയറിങ്​​ പൂർത്തിയായി. ബാക്കി വില്ലേജുകളിലെ ഹിയറിങ്​ ഈ ആഴ്ച നടക്കും. ത്രീ-ഡി വിജ്ഞാപനം ഒക്ടോബർ ആദ്യം പാലക്കാട്​: കഴിഞ്ഞ ജൂണിലാണ്​​ നിർദിഷ്ട പാതക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 'ത്രീ-എ' വിജ്ഞാപനം പുറപ്പെടുവിച്ചത്​. തുടർന്ന്​ ഇറക്കിയ 'ത്രീ-സി' വിജ്ഞാപനം അനുസരിച്ചാണ്​ ഇപ്പോൾ ഭൂവുടമകളുടെ ഹിയറിങ്​​ നടന്നുവരുന്നത്​. പൊതുജനങ്ങൾ അറിയിച്ച പരാതികളിൽ റിപ്പോർട്ട്​ തയാറാക്കി റവന്യൂ വിഭാഗം ദേശീയപാത അതോറിറ്റിക്ക്​ സമർപ്പിക്കും. ഫീൽഡ്​ സർവേക്കുശേഷം നഷ്ടപരിഹാരം നൽകാനുള്ള നടപടി ആരംഭിക്കും. ഒക്​ടോബർ ആദ്യം ഭൂമി​യേറ്റെടുത്തുകൊണ്ടുള്ള​ 'ത്രീ-ഡി' വിജ്ഞാപനം പുറപ്പെടുവിപ്പിക്കുമെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.