പാലക്കാട്: ദുർബല ജനവിഭാഗങ്ങൾ താമസിക്കുന്ന അട്ടപ്പാടി മേഖലയിൽ റഫറൽ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് സൗകര്യം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മെച്ചപ്പെട്ട ചികിത്സ സൗകര്യം ഉറപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അട്ടപ്പാടിയിൽ സർവിസ് നടത്തുന്ന എട്ട് ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കണം. ഡ്രൈവർമാരുടെ കുറവുണ്ടെങ്കിൽ പി.എസ്.സി വഴി ജീവനക്കാരെ നിയമിക്കണം. ഇതിന് കാലതാമസമുണ്ടെങ്കിൽ കരാർ/ദിവസവേതന ജീവനക്കാരെ അടിയന്തരമായി നിയമിക്കാനുള്ള നടപടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണം. കാലപ്പഴക്കമുള്ള രണ്ട് ആംബുലൻസുകൾ മാറ്റി പുതിയ രണ്ടെണ്ണം വാങ്ങാനുള്ള നടപടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി സ്വീകരിക്കണം.
വനമേഖലയുടെ പരിസ്ഥിതി പരിഗണിച്ച് പൊലീസ് വകുപ്പിന് കീഴിൽ മതിയായ സൗകര്യങ്ങളോടു കൂടി ആംബുലൻസ് അനുവദിക്കണം. ഇതിനായി സ്പെഷൽ മൊബൈൽ സ്ക്വാഡ് അഗളി സബ് ഡിവിഷൻ ഡിവൈ.എസ്.പി പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഓരോ ദിവസവും എത്ര ആംബുലൻസ് ഓടിയിട്ടുണ്ടെന്ന വിവരം റിപ്പോർട്ടാക്കി മാസത്തിലൊരിക്കൽ ജില്ല കലക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കും ആശുപത്രി സൂപ്രണ്ട് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
അഗളി ആദിവാസി മേഖലയിൽ മതിയായ ആംബുലൻസ് സൗകര്യമില്ലാത്തത് കാരണം രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതിയിലാണ് നടപടി. പൊലീസ് വകുപ്പിന് കീഴിൽ ഒരു ആംബുലൻസ് അനുവദിക്കണമെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഗളി ഡിവൈ.എസ്.പി കമീഷനെ അറിയിച്ചു. എട്ട് ആംബുലൻസുകൾ പ്രവർത്തനസജ്ജമാണെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ, ആംബുലൻസ് ഡ്രൈവർമാരുടെ സ്ഥിരം തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ഡ്രൈവർമാർ അവധിയെടുത്താൽ എല്ലാ ആംബുലൻസുകളും ഉപയോഗിക്കാനാവില്ല. നിലവിൽ ഉപയോഗിക്കുന്ന രണ്ട് ആംബുലൻസുകൾക്ക് കാലപ്പഴക്കമുള്ളതിനാൽ മണ്ണാർക്കാട് ഭാഗത്തെ ആശുപത്രികളിലെത്താൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.