എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ൻസി​ൽ അ​ബൂ​ബ​ക്ക​ർ അ​ട്ട​പ്പ​ാടി​യി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്നു

നിയമസഭ തെരഞ്ഞെടുപ്പ്; മ​ണ്ണാ​ര്‍ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ള്‍

മണ്ണാര്‍ക്കാട്: മണ്ഡലം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും വോട്ടുവിഹിതം വര്‍ധിപ്പിക്കാനുമുള്ള പോരാട്ടത്തിന് മണ്ണാർക്കാട് സാക്ഷിയാകുന്നു. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ്. എല്‍.ഡി.എഫില്‍ സി.പി.ഐയുടെ മന്‍സില്‍ അബൂബക്കറാണ് സ്ഥാനാര്‍ഥി. സ്വന്തം പഞ്ചായത്തായ അലനല്ലൂരില്‍ റോഡ് ഷോ നടത്തിയാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളിലും പ്രചാരണം നടത്തി.

മണ്ണാര്‍ക്കാട്ടും റോഡ് ഷോയും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമുണ്ടായി. രാഷ്ട്രീയത്തിന് പുറത്തുള്ള പൊതുസമ്മതനായ ആളെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കുകയാണ് മന്‍സില്‍ അബൂബക്കറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിട്ടിരിക്കുന്നത്. മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച എല്‍.ഡി.എഫ് 2011 മുതൽ തുടര്‍ച്ചയായി മൂന്ന് തവണ പരാജയപ്പെടുകയാണുണ്ടായത്.

വിരുന്നുകാരനായെത്തി മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി വീട്ടുകാരനായി മാറിയ എന്‍. ഷംസുദ്ദീനാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. നാലാം മത്സരത്തിലും ഷംസുദ്ദീൻ വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് യു.ഡി.എഫിന്റെ വിശ്വാസം. മുസ്‍ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാലതാമസം വരുത്തിയിരുന്നു. എന്നാല്‍, മണ്ഡലം നിലനിര്‍ത്താന്‍ ഷംസുദ്ദീ ന്‍തന്നെ മത്സരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം നടപ്പാക്കിയത്. ഇതോടെ നാലാം വിജയമെന്ന ലക്ഷ്യത്തോടെ ഷംസുദ്ദീന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ണാര്‍ക്കാട് റോഡ് ഷോയും നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ എടത്തനാട്ടുകര ഭാഗങ്ങളിലും പ്രചാരണത്തിലേര്‍പ്പെട്ടു. എം.എല്‍.എ എന്ന നിലയിലുള്ള മേല്‍വിലാസവും മണ്ഡലത്തിൽ നടത്തിയ വികസന പ്രവൃത്തികളും ജനങ്ങൾക്കിടയിലെ സുസമ്മതിയും എന്‍. ഷംസുദ്ദീന് ആത്മവിശ്വാസം നൽകുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസിലെ ഐസക് വർഗീസാണ് മത്സരിക്കുന്നത്. ഇടതു സഹയാത്രികനായിരുന്ന ഇദ്ദേഹം അപ്രതീക്ഷിതമായാണ് എൻ.ഡി.എ സ്ഥാനാർഥിയായത്. മുൻ വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് മണ്ഡലത്തിലുണ്ടായ വോട്ടുവര്‍ധനവിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. വിജയിക്കാനായില്ലെങ്കിലും ഇത്തവണയും വോട്ടുവര്‍ധനവുണ്ടാക്കി ശക്തി തെളിയിക്കുക എന്നതും ബി.ജെ.പി ലക്ഷ്യമിടുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും തെങ്കര പഞ്ചായത്ത്, അട്ടപ്പാടി മേഖലകളില്‍ സ്വാധീനം വർധിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. വ്യാഴാഴ്ചയാണ് ഐസക് വർഗീസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു.

യു.ഡി.എഫിന് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പുകളിലും ലോകസഭ തെരെഞ്ഞെടുപ്പുകളിലും വ്യക്തമായ മുൻ‌തൂക്കമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മൂന്ന് ജില്ല പഞ്ചായത്ത്‌ ഡിവിഷനിൽ നിന്നും മണ്ണാർക്കാട് നഗരസഭയിൽ നിന്നുമായി യു.ഡി.എഫിന് 14454 വോട്ടിന്റെ മുൻ‌തൂക്കമുണ്ട്. മണ്ഡലത്തിൽ പി.കെ. ശശി ഇഫക്ട് ഉണ്ടാകുമോയെന്നും ഇടത് മുന്നണിയിൽ ആശങ്കയുണ്ട്. അതേസമയം, നാളിതു വരെയില്ലാത്ത രീതിയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് മുസ്‍ലിം ലീഗിലുണ്ടായ അനൈക്യം പുറമെ പരിഹരിക്കപ്പെട്ടെങ്കിലും തെരെഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക യു.ഡി.എഫിലുമുണ്ട്.

Tags:    
News Summary - Assembly elections; Leading parties intensify campaign in Mannarkad constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.