1.കോങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. ശാന്തകുമാരി വോട്ട് തേടുന്നു 2.യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസി വോട്ടഭ്യർഥിക്കുന്നു 3.എൻ.ഡി.എ സ്ഥാനാർഥി രേണു സുരേഷ് പ്രചാരണത്തിനിടെ
കോങ്ങാട്: ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കോങ്ങാട് മണ്ഡലത്തിൽ കടുത്ത മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. സംവരണ മണ്ഡലമായ ഇവിടെ സിറ്റിങ് എം.എൽ.എ കെ. ശാന്തകുമാരി വീണ്ടും ജനവിധി തേടുമ്പോൾ കോൺഗ്രസിലെ കെ.എ. തുളസിയാണ് യു.ഡി.എഫിനെ പ്രതിനിധീകരിച്ച് രംഗത്തുള്ളത്. എൻ.ഡി.എയിൽ ബി.ജെ.പിയിലെ രേണു സുരേഷും രംഗത്തുണ്ട്. തുടക്കകാലം മുതൽ ഇടത് സ്ഥാനാർഥി മാത്രം വിജയിച്ച മണ്ഡലത്തിൽ യു.ഡി.എഫിന് വേരുറപ്പിക്കാനാവുമോയെന്നതാണ് ചോദ്യം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ. ശാന്തകുമാരി 67,881 വോട്ടാണ് നേടിയത്. മുസ് ലിം ലീഗിലെ യു.സി. രാമൻ 40,662 വോട്ടും ബി.ജെ.പിയിലെ എം. സുരേഷ് ബാബു 27,661 വോട്ടും നേടി. 27, 219 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് വിജയം. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ കാരാകുർശി, തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. മറ്റിടങ്ങളിൽ ഇടത് ആഭിമുഖ്യമുള്ള ഭരണസമിതിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം അനുകൂലമാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളുമാണ് ഇടത് മുന്നണിയുടെ പിൻബലം. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്ന് എൻ.ഡി.എ കേന്ദ്രങ്ങൾ പറയുന്നു.
സി.പി.എമ്മിൽ നിന്ന് പുറത്തുപോയവരുടെ കൂട്ടായ്മ എൽ.ഡി.എഫിനും കെ.എ. തുളസിക്കെതിരെ പോസ്റ്റർ രൂപത്തിൽ വന്ന അപസ്വരങ്ങൾ യു.ഡി.എഫിനും തലവേദനയാണ്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ കർഷകർ എന്നിവർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കോങ്ങാട്. വന്യമൃഗശല്യം, കുടിവെള്ള ക്ഷാമം എന്നിവ പ്രചാരണ വിഷയങ്ങളാണ്. 2016ൽ കെ.വി. വിജയദാസ് 60,790 വോട്ടും 45.35 ശതമാനവും നേടിയപ്പോൾ 2021 ൽ ഭൂരിപക്ഷം കൂട്ടാനും വിജയശതമാനം 49.01 ആയി ഉയർത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.