* പിതാവും മുൻ അത്ലറ്റുമായ എസ്. മുരളി ശ്രീശങ്കറിനോടൊപ്പം ബർമിങ്ഹാമിലാണ് പാലക്കാട്: കോമൺവെൽത്ത് ഗെയിംസിലെ ശ്രീശങ്കറിന്‍റെ വെള്ളിനേട്ടത്തോടെ നാട്ടിലും വീട്ടിലും ഉത്സവപ്രതീതി. പാലക്കാട് യാക്കരയിലെ വീട്ടുകാർ ശ്രീശങ്കറിന്‍റെ നേട്ടം ആഘോഷിക്കുകയാണ്. അമ്മയും ബന്ധുക്കളുമെല്ലാം മത്സരം കാണാൻ ഒത്തുകൂടിയിരുന്നു. ബർമിങ്ഹാമിൽ ശ്രീശങ്കർ ചാടിയത് ഇന്ത്യൻ സമയം രാത്രി 1.45നായിരുന്നു. രാത്രി ഉറക്കമെഴിച്ച് അമ്മയും ബന്ധുക്കളും ടി.വിക്ക് മുന്നിലിരുന്നു. മുൻ അത്ലറ്റ് കൂടിയായ ശ്രീശങ്കറിന്റെ അമ്മ ഇ.എസ്. ബിജിമോൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ശ്രീയുടെ ഊഴമായതോടെ ഒരോ മുഖത്തും ആകാംക്ഷയും ആശങ്കയും മിന്നിമറഞ്ഞു. അഞ്ചാം അവസരത്തിലായിരുന്നു ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കമുള്ള ചാട്ടം. അതോടെ വീട് ഉത്സവപ്രതീതിലേക്കുണർന്നു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം. മകന്‍റെ നേട്ടം അത്രമേൽ അഭിമാനം നൽകുന്നതാണെന്ന് അമ്മ ബിജിമോൾ 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത ഒളിമ്പിക്‌സിൽ നേട്ടം ഉറപ്പാണ്. ലോങ് ജംപിൽ രാജ്യത്തിനായി മകൻ ഇനിയും ധാരാളം മെഡലുകൾ കൊണ്ടുവരുമെന്നും ബിജിമോൾ പറഞ്ഞു. പിതാവും മുൻ അത്ലറ്റുമായ എസ്. മുരളി ശ്രീശങ്കറിന്‍റെ പ്രകടനം നേരിട്ട് കാണാനായി ബർമിങ്ഹാമിലേക്ക് കൂടെ പോയതാണ്. കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ചാണ് ശ്രീശങ്കറിന്‍റെ വെള്ളിനേട്ടം. 8.08 മീറ്റർ ചാടിയാണ് വെള്ളി സ്വന്തമാക്കിയത്. ലോങ്ജംപില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ. സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം. നിലവില്‍ പുരുഷ ലോങ്ജംപില്‍ ദേശീയ റെക്കോഡുകാരന്‍ കൂടിയാണ് ശ്രീശങ്കര്‍. പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വന്തം റെക്കോഡ് തിരുത്തി 8.26 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയത്. പക്ഷേ, ആ മികവ് ഒളിമ്പിക്‌സ് വേദിയിൽ കാട്ടാനായില്ല. മത്സര സമ്മർദമായിരുന്നു ഇതിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. അതിനാൽ കോമൺവെൽത്തിലെ ജയം അനിവാര്യമായിരുന്നു. ഏഷ്യൻ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ശ്രീശങ്കർ ദേശീയതലത്തിൽ നിരവധി മെഡലുകളും സ്വന്തമാക്കി. താരത്തിന്‍റെ പരിശീലനത്തിനുവേണ്ടി അച്ഛനെയും അമ്മയെയും പോലെ നാട്ടുകാരും സൗകര്യം ഒരുക്കാൻ സന്നദ്ധരായിരുന്നു. ഇതൊന്നും വെറുതെയാകില്ലെന്ന് പറയുക കൂടിയാണ് ശ്രീശങ്കർ. pkg srisanker: ശ്രീശങ്കർ വെള്ളി നേടിയതിന്‍റെ സന്തോഷം പങ്കിട്ട് അമ്മ ഇ.എസ്. ബിജിമോൾക്ക് മധുരം നൽകുന്ന ശ്രീശങ്കറിന്‍റെ സഹോദരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.