വ്യാജ വാർത്തകൾക്കും എ.ഐ ദുരുപയോഗത്തിനുമെതിരെ കർശന നടപടി

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ സന്ദേശങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പ് അഡ്‌മിൻമാരും ജാഗ്രത പുലർത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം ലേബൽ ഇല്ലാത്തതും സംശയാസ്പ‌ദവുമായ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്നവർ നിയമനടപടി നേരിടേണ്ടി വരും. ജാതി, മതം, വർഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. വോട്ടെടുപ്പ് തീയതി, സ്ഥാനാർഥികൾ, ഔദ്യോഗികമായി വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്ക് വെക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പാരംഭിക്കുന്ന നിശബ്ദ പ്രചാരണ കാലയളവിൽ സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ പ്രചാരണം നടത്തരുത്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഓരോ പോസ്റ്റിനും അഡ്‌മിൻമാർ നേരിട്ട് ഉത്തരവാദികളല്ലെന്ന കോടതി നിരീക്ഷണമുണ്ടെങ്കിലും നിയമവിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നൽകുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്‌മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക, ഐ.ടി ആക്ട‌് അല്ലെങ്കിൽ ബി.എൻ.എസ് പ്രകാരം പൊലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക എന്നിവ ചെയ്താൽ അഡ്‌മിൻമാർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.

Tags:    
News Summary - Strict action against fake news and AI misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.