കോഴിക്കോട്: ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാലു തുറമുഖങ്ങളിലായി കടൽ രക്ഷാപ്രവർത്തനത്തിനായി 32 റസ്ക്യൂ ഗാർഡുമാരെ സജ്ജമാക്കിയിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി 106 പേരാണ് നിലവിൽ ഗോവയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയത്. കടൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെയുള്ള 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ട ജില്ലതല അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ല കലക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു. കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷ ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദേശം നൽകി. ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ട് പോകാൻ നിർദേശം നൽകും.
ജൂൺ ഒമ്പത് വൈകീട്ടോടുകൂടി എല്ലാ ട്രോളിങ് ബോട്ടുകളും കടലിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ട്രോളിങ് നിരോധന കാലയളവിൽ ഇൻ ബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. ബോട്ടുകൾ കളർ കോഡിങ് നടത്തിയോ എന്ന് ഉറപ്പുവരുത്തും.
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം കൂടുതൽ പേരെ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. സ്പെഷൽ ബ്രാഞ്ച് എസി.പി എ. ഉമേഷ്, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റ് എ. സുജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫിഷറീസ് കൺട്രോൾ റൂം നമ്പർ- 0495 2414074, 0495 2992194, 9496007052, കോസ്റ്റ് ഗാർഡ് -1554.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.