കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാരുണ്യ മെഡിക്കൽ ഷോപ്പിൽ മരുന്നുണ്ടായിട്ടും വിതരണം ചെയ്യാതെ രോഗികളെ തിരിച്ചയക്കുന്നു. പുതുക്കിയ ജി.എസ്.ടി നിരക്കിന് അനുസരിച്ച് മരുന്നിന്‍റെ വില പുതുക്കി നിശ്ചയിച്ച് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യാത്തതാണ് രോഗികളെ വലക്കുന്നത്.
കാൻസർ രോഗികൾ ഉപയോഗിക്കുന്നത് അടക്കമുള്ള നിരവധി മരുന്നുകൾ ഇത്തരത്തിൽ കാരുണ്യ ഫാർമസിയിൽ സ്റ്റോക്കുണ്ടായിട്ടും നൽകാതെ രോഗികളെ തിരിച്ചയക്കുകയാണ്. ഡിപ്പോയിൽനിന്ന് നിശ്ചയിച്ച് നൽകുന്ന നിരക്ക് അനുസരിച്ചാണ് ഫാർമസിയിൽനിന്ന് വിതരണം ചെയ്യുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഡിപ്പോയിൽനിന്നാണ് ജില്ലയിലെ കാരുണ്യ ഫാർമസികളിലേക്ക് മരുന്നുവിതരണം.
തിരുവനന്തപുരം കെ.എം.എസ്.സി.എല്ലിൽ നിന്നാണ് പുതുക്കിയ നിരക്കിന് അനുസരിച്ച് മരുന്നുകളുടെ ബിൽപ്ഡേറ്റ് ചെയ്ത് നൽകേണ്ടതെന്നും ഫാർമസി ജീവനക്കാർ പറയുന്നു. പർച്ചേസ് ഇൻവോയിസിന് അനുസരിച്ച് ബിൽ അപ്ഡേറ്റ് ചെയ്ത് ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പുതുക്കിയത് ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് വിലകുറഞ്ഞും ലഭിക്കുന്ന ഫാർമസിയിൽനിന്ന് മരുന്ന് വിതരണവും മുടങ്ങിയതോടെ സ്വകാര്യ മെഡിൽക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.
ഡയാലിസിസ് ഫ്ലൂയിഡ് തീർന്നിട്ട് രണ്ടുമാസം
കാരുണ്യ ഫാർമസിയിൽ ഡയാലിസ് ഫ്ലൂയിഡ് തീർന്നിട്ട് രണ്ടുമാസം പിന്നിട്ടു. കെ.എം.എസ്.സി.എല്ലിന് പർച്ചേസ് ഓഡർ നൽകി രണ്ടു മാസം പിന്നിട്ടിട്ടും കാരുണ്യ മെഡിക്കൽ ഷോപ്പിൽ മരുന്ന് എത്തിയിട്ടില്ല. ഇത് സാധാരണക്കാരായ രോഗികളെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. മറ്റു ഫാർമസികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് കാരുണ്യയിൽ നിന്ന് മരുന്ന് ലഭിക്കുന്നത്. അതിനാൽ, സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്രയമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ഇത്തരം കാര്യങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും കാര്യക്ഷമമായി ഇടപെടണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.