ksrtc package===ബസുകൾ വലുതായതോടെ പാകമാകാതെ കെ.എസ്​.ആർ.ടി.സ്റ്റാൻഡ് ​

കോഴിക്കോട്: തുറന്ന്​ കൊടുത്തതു മുതൽ പരാതികളുയരുന്ന കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ ​ ഏറ്റവുമൊടുവിൽ അകപ്പെട്ടത്​ പുത്തൻ സ്വിഫ്​റ്റ്​ ബസ്​. സാധാരണ ബസുകൾ പോലും​ കയറാൻ ബുദ്ധിമുട്ടുന്ന ഇവിടെ ആധുനിക രീതിയിലുള്ള എ.സി.ബസുകൾ കയറ്റാൻ കുറച്ചൊന്നുമല്ല ഡ്രൈവർമാർ പണിപ്പെടുന്നത്​. കാലം മാറുമ്പോൾ ബസുകളും വലുതാവുമെന്ന ദീർഘവീക്ഷണമില്ലാതെ പണിത സ്റ്റാൻഡിൽ വോൾവോ, സ്കാനിയ തുടങ്ങിയ മൾട്ടിആക്സിൽ വണ്ടികളും ലോ​ഫ്ലോർ, സ്വിഫ്​റ്റ്​ ബസുകളും കയറ്റാൻ വലിയ പ്രയാസമാണ്​. പടിഞ്ഞാറെ കവാടം വഴി മാത്രമാണ്​ ഇത്തരം വണ്ടികൾ അകത്തേക്കും തിരിച്ചും കടത്തിവിടുന്നത്​. കിഴക്ക്​ ഭാഗം കവാടത്തിലിറങ്ങിയാൽ അടി തട്ടുമെന്നുറപ്പാണ്​. ഈയിടെ കവാടത്തിൽ കുടുങ്ങിയ കർണാടകയുടെ മൾട്ടിആക്സിൽ ബസുകളിലൊന്ന്​ ക്രെയിൻ എത്തിയാണ്​ പുറത്തെടുത്തത്​. ഏറ്റവും പുതിയ സ്റ്റാൻഡായിട്ടും സംസ്​ഥാനത്തെ മറ്റ്​ സ്റ്റാന്‍റുകളിലൊന്നുമില്ലാത്ത ബുദ്ധിമുട്ടാണ്​ കോഴിക്കോട്​ സ്റ്റാൻഡിൽ വണ്ടി കയറ്റാനെന്നാണ്​ ജീവനക്കാരുടെ പരാതി. സാധാരണ ബസുകളിൽനിന്ന്​ ഭിന്നമായി ലക്ഷ്വറി ബസുകളിൽ മികച്ച ഷോക്​അബ്​സോർബറുകളായതിനാൽ ഉലയുന്നത്​ സാധാരണമാണ്​. വീതിയില്ലാത്ത കോൺക്രീറ്റ്​ കാലുകൾക്കിടയിൽ തൂണുകളുടെ സംരക്ഷണത്തിനായി പണിത ഇരുമ്പ്​ വളയങ്ങളിൽ ബസുകളുടെ ബോഡി തട്ടുന്നത്​ സ്​ഥിരമാണ്​. ഇത്തരം വളയങ്ങളിലൊന്നിൽ തട്ടി ഗ്ലാസ്​ പൊട്ടാതെ പുറത്ത്​ പോവാനാവാത്ത വിധമാണ്​ വെള്ളിയാഴ്ച സ്വിഫ്​റ്റ്​ ബസ്​ കുടുങ്ങിയത്​. കോൺക്രീറ്റ്​ തൂണുകൾ മിക്കതും ബസ്​ തട്ടി പൊളിഞ്ഞിട്ടുമുണ്ട്​. ആധുനിക ബസുകളുടെ മുൻവശത്തേക്ക്​ തള്ളി നിൽക്കുന്ന വലിയ സൈഡ്​മിററുകളും തൂണിൽ തട്ടി പൊളിയുന്നത്​ സ്​ഥിരമാണ്​. ബസുകൾ നിർത്തിയിടുന്നതും​ പ്രശ്നം വെള്ളിയാഴ്ച സ്റ്റാൻഡിൽ കുടുങ്ങിയത്​ ട്രിപ്പ്​ കഴിഞ്ഞ്​ നിർത്തിയിട്ട ബസാണ്​. ബസുകളെല്ലാം മാവൂർറോഡിൽ തന്നെ നിർത്തുന്നത്​ വലിയ തിരക്കിനിടയാക്കുന്നു. രാത്രി കവാടങ്ങളിൽ പോലും ബസ്​ നിർത്തിയിടുന്നത്​ പതിവാണ്​. പേരിന് മാത്രം സൗകര്യമുള്ള സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട്​ ഡിപ്പോയിലെ വണ്ടികൾ പാവങ്ങാട്​ ഡിപ്പോയിൽ കൊണ്ടു പോയായിരുന്നു ആദ്യഘട്ടങ്ങളിൽ നിർത്തിയിരുന്നത്​. എന്നാൽ, ഇപ്പോൾ ​മാവൂർ റോഡിൽ തന്നെയാണ്​ ഭൂരിഭാഗവും നിർത്തുന്നത്​. പാവങ്ങാട്​ വരെ ഓടാനുള്ള ചെലവാണ്​ മുഖ്യകാരണം. പാവങ്ങാട്ടേക്ക്​ ആളെ കയറ്റി ഓടിയിരുന്നുവെങ്കിലും ആളില്ലാത്തതിനാലും ജീവനക്കാരുടെ വൈമുഖ്യവും കാരണം അത്​ ക്രമേണ നിന്നു. കെ.എസ്.ആർ.ടി.സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും പാർക്കിങ്​ സൗകര്യമൊരുക്കിയപ്പോൾ വെറും 40 ബസുകൾക്കാണ്​ പാര്‍ക്കിങ് സൗകര്യമുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.