പാചകവാതക ക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് കാന്റീൻ
കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി ജില്ലയിൽ രൂക്ഷമായി തുടരുന്നു. ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡി. കോളജിലെ ഐ.എം.സി.എച്ച് കാന്റീൻ അടച്ചുപൂട്ടി.
രോഗികൾക്കും ബന്ധുക്കൾക്കുമുൾപടെ പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സി.എച്ച് സെന്റർ പ്രവർത്തനത്തെയും പാചകവാതക പ്രതിസന്ധി ബാധിച്ചു. ഭക്ഷണ വിഭവങ്ങളിൽ ക്രമീകരണം വരുത്തി തൽക്കാലം മുന്നോട്ട് പോവുകയാണെന്ന് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.വി. സിദ്ദീഖ് മാസ്റ്റർ പറഞ്ഞു. ഹോട്ടലുകളിൽ രണ്ട് ദിവസമായി വാണിജ്യ ഗ്യാസ് വിതരണം മുടങ്ങിയതിനാൽ പ്രതിസന്ധി രൂക്ഷമായെന്ന് ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹി രൂപേഷ് കോളിയോട്ട് പറഞ്ഞു.
വിവാഹം, വീടുകൂടൽ തുടങ്ങിയവക്കുള്ള ഭക്ഷണത്തിന്റെ ഓർഡറുകൾ ക്യാൻസൽ ചെയ്തതായും അദ്ദേഹം പറഞ്ഞു. അതിനിടെ പ്രതിസന്ധി നേരിടുന്നതിന് തിങ്കളാഴ്ച സംസ്ഥാന സർക്കാർ ഹോട്ടൽ- ആന്റ് റസ്റ്റാറന്റ്-കാറ്ററിങ് മേഖലയിലുള്ളവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
പാചക ഗ്യാസിന് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും ദിനേന പ്രതിസന്ധി രൂക്ഷമാവുകയാണ്. പെരുന്നാൾ സീസൺ ആയതിനാൽ നഗരത്തിൽ തിരക്കേറി. ഈ തിരക്ക് ഹോട്ടലുകളിലും ഉണ്ട്. എത്ര ദിവസം ഹോട്ടലുകൾക്ക് ഈ നിലയിൽ മുന്നോട്ട് പോകാനാവുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. അതിനിടെ വിറക് ഉപയോഗിച്ച് പാചകത്തിന് വീടുകളിലും ഹോട്ടലുകളിലും ശ്രമം നടക്കുന്നുവെങ്കിലും വിറക് കിട്ടാനില്ല. വിറകിന് തീവിലയാണെന്നും പരാതി ഉയർന്നു. പ്രതിസന്ധി തുടർന്നാൽ ഫ്ലാറ്റുകളിൽ ഭക്ഷണമുണ്ടാക്കൽ തിർത്തും പ്രതിസന്ധിയിലാവും. അവിടെ വിറക് അടുപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. പ്രതിസന്ധിയെ തുടർന്ന് ഹോസ്റ്റലുകളും പെയിങ് ഗസ്റ്റ് സംവിധാനങ്ങളും നിലച്ചു.
എകരൂൽ: പാചക വാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഗ്രാമീണ മേഖലകളിലെ ചെറുകിട ഹോട്ടലുകളും അടച്ചു തുടങ്ങി. എൽ.പി.ജി സിലിണ്ടറുകൾ സ്റ്റോക്ക് ഇല്ലാത്തതിനാൽ ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിലും മറ്റു പ്രധാന അങ്ങാടികളിലും മിക്ക ഹോട്ടലുകളും പ്രതിസന്ധിയിലായി. വരും ദിവസങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ റമദാൻ വ്രതത്തെ തുടർന്ന് അടച്ചിട്ട ഹോട്ടലുകൾ വീണ്ടും തുറക്കാൻ കഴിയാതെ വരുമെന്ന് ഹോട്ടലുടമകൾ പറഞ്ഞു.
ഈ രംഗത്ത് ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് തിരിച്ചുപോക്ക് തുടങ്ങിയിട്ടുണ്ട്. എകരൂലിലെ
പ്രധാന ഹോട്ടലുകളിലൊന്നായ ''കേരള ഭവൻ'' ഗ്യാസ് ലഭ്യമല്ലാത്തതിനാൽ ബദൽ സംവിധാനം ഒരുക്കുന്നത് വരെ കട തുറക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിച്ച് അടച്ചിട്ടിരിക്കുകയാണ്. റമദാൻ പ്രമാണിച്ച് അടച്ചിട്ട ഹോട്ടലുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി വിറക് അടുപ്പുകളിലേക്ക് പാചകം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിൻറെ ഭാഗമായി ചില ഹോട്ടലുകൾ ആവശ്യമായ വിറകുകൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.